മൂന്നാറില്‍ കട്ടക്കൊമ്പന്റെ മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് യുവാക്കൾ; കേസെടുത്ത് വനംവകുപ്പ്
മൂന്നാറില്‍ കാട്ടാനയുടെ മുന്നില്‍ നിന്ന് സാഹസികമായി ഫോട്ടോ എടുത്ത് രണ്ട് യുവാക്കള്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഓള്‍ഡ് മൂന്നാര്‍ സ്വദേശികളായ സെന്തില്‍, രവി എന്നിവര്‍ക്കെതിരെ വനംവകുപ്പ് വന്യജീവി സംരക്ഷണ നിയമപ്രകാരം കേസെടുത്തു. സെന്തില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും രവി അത് ക്യാമറയിൽ പകർത്തുകയുമായിരുന്നു. കന്നിമലയിലും തെന്മലയിലും രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന കട്ടക്കൊമ്പന്റെ മുന്നില്‍ നിന്നാണ് ഇവര്‍ ഫോട്ടോ എടുക്കുന്നത്.
മനുഷ്യ- മൃഗ സംഘർഷം രൂക്ഷമായി തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കാട്ടാനയെ പ്രകോപിപ്പിക്കും വിധത്തില്‍ സഞ്ചാരികളുടെ സാഹസം. നിരവധി ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ ഇതുവരെ പൊലിഞ്ഞത്. ചൂട് കൂടിയതിനാല്‍ കാട്ടാനകള്‍ ജനവാസ മേഘലകളിലെത്തുകയാണെന്നും അവയുടെ സ്വഭാവത്തില്‍ വ്യതിയാനമുണ്ടാകാമെന്നും അവയെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ മുന്നറിയിപ്പുകളെല്ലാം കാറ്റിൽ പറത്തിയാണ് ഇപ്പോഴും ആളുകളുടെ പ്രവർത്തി.