കോടതിയിൽ നിന്ന് ഇറങ്ങുന്നതിനിടെ ഗ്രോ വാസു മാധ്യമങ്ങളോട് സംസാരിച്ച സംഭവം; വിശദീകരണം തേടി ഡിസിപി
ഗ്രോ വാസു മാധ്യമങ്ങളോട് സംസാരിച്ചതിൽ പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം തേടി ഡിസിപി. സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് നടപടി. സുരക്ഷ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോടാണ് കോഴിക്കോട് ഡി.സി.പി വിശദീകരണം ആവശ്യപ്പെട്ടത്.
കോഴിക്കോട് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന ഗ്രോ വാസുവിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയത്. കോടതി നടപടികൾക്ക് ശേഷം ഗ്രോ വാസു മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിച്ചാണ് ഗ്രോ വാസു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയാണ് കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയത്. കുന്ദമംഗലം, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.
കോടതിയിലെത്തിക്കുന്നതിനുള്ള സുരക്ഷാ ചുമതല മെഡിക്കൽ കോളേജ് പൊലീസിനും കോടതി വളപ്പിലെ സുരക്ഷ കുന്ദമംഗലം പൊലീസിനുമായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ഡി.സി.പി കെ.ഇ ബൈജു പറഞ്ഞു.