അമീബ അണുബാധയെ തുടർന്ന് വിദ്യാർഥി മരിച്ചു
മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ച് അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. എടാട്ടുമ്മൽ മോഡോൻ വളപ്പിൽ എം.വി. സുരേഷിന്‍റെ മകൻ അനന്തസൂര്യൻ (15) ആണ് മരിച്ചത്. ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാംതരം വിദ്യാർഥിയായ കുട്ടിയെ അഞ്ചുദിവസം മുമ്പാണ് പനിയും വിറയലും ബാധിച്ച നിലയിൽ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ഥിതി വഷളായതിനെ തുടർന്നാണ് മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മസ്തിഷ്കത്തെ ബാധിക്കുന്ന അമീബ അണുബാധ സ്ഥിരീകരിച്ചത്. മരുന്നുകളോട് പ്രതികരിച്ചിരുന്നില്ല. ശബരിമലക്ക് പോകാൻ വ്രതത്തിലായിരുന്ന കുട്ടി കുളത്തിൽ കുളിച്ചിരുന്നു. ഇതിൽ നിന്ന് അണുബാധ കിട്ടിയിരിക്കാം എന്നാണ് ആരോഗ്യ പ്രവർത്തകർ സൂചിപ്പിക്കുന്നത്.
ജില്ല മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെട്ട് തുടർനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. കുട്ടിയുടെ ശരീരത്തിൽ സ്ഥിരീകരിച്ച 'അകാന്തമീബ' എന്ന രോഗാണു സാധാരണ ജലാശയങ്ങളിൽ കണ്ടുവരുന്നതാണ്. രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലാണ് ഇത് മരണത്തിന് വരെ കാരണമാകുന്നത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. ഉടുമ്പുന്തല ഹെൽത്ത് ഇൻസ്പെക്ടർ പി. ലിയാകത്ത് അലി ആശുപത്രിയിലെത്തി. അനന്തസൂര്യന്‍റെ മാതാവ്: രമ്യ. സഹോദരി: അനന്തഗംഗ. സംസ്കാരം പൂച്ചോലിലെ വിശ്വകർമ സമുദായ ശ്മശാനത്തിൽ.