'പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നു'; കണ്ണൂർ ജില്ലാപഞ്ചായത്ത് സുപ്രീംകോടതിയിൽ
പ്രതിദിനം 30 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേൽക്കുന്നുവെന്ന് കണ്ണൂർ ജില്ലാപഞ്ചായത്തിന്റെ സത്യവാങ്മൂലം. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 465 കുട്ടികൾക്ക് തെരുവുനായകളുടെ കടിയേറ്റെന്നും ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സുപ്രീംകോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.
കണ്ണൂർ ജില്ലാപഞ്ചായത്തത്തിന്റെ പരിധിയിൽ 23,666 തെരുവുനായകളുണ്ടെന്നാണ് സത്യവാങ്മൂലത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ 48,055 വളർത്തുനായകളുമുണ്ട്. 18 വയസ്സിന് താഴെയുള്ള 465 കുട്ടികൾക്കാണ് കഴിഞ്ഞ രണ്ടുവർഷത്തിനിടെ തെരുവുനായകളുടെ കടിയേറ്റത്. ജില്ലാ മെഡിക്കൽ ഓഫീസറെ ഉദ്ധച്ചാണ് ഈ കണക്ക് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
തെരുവുനായകളുടെ കടിയേറ്റ കുട്ടികളിൽ പലരുടെയും പരിക്ക് ഗുരുതരമായിരുന്നു. തെരുവുനായയുടെ കടിയേറ്റ് 11 വയസ്സുകാരനായ നിഹാലിന്റെ ജീവൻ നഷ്ടപ്പെട്ട കാര്യവും സത്യവാങ്മൂലത്തിൽ വിശദീകരിച്ചിട്ടുണ്ട്.
അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനിക്കാൻ മൂന്നംഗ വിദഗ്ധ സമിതി രൂപവത്കരിക്കാവുന്നതാണെന്നും കണ്ണൂർ ജില്ലാപഞ്ചയാത്ത് സുപ്രീംകോടതിയെ അറിയിച്ചു. തദ്ദേശസ്ഥാപനത്തിന്റെ മേധാവി, പൊതു ആരോഗ്യവകുപ്പ്, മൃഗക്ഷേമ സംഘടനാ പ്രതിനിധികൾ എന്നിവർ അടങ്ങുന്ന സമിതി രൂപവത്കരിക്കണെമെന്ന നിർദേശമാണ് ജില്ലാപഞ്ചായത്ത് മുന്നോട്ടുവയ്ക്കുന്നത്. സമിതി രൂപവത്കരിക്കുന്നതോടെ ദയാവധം സംബന്ധിച്ച ഏകപക്ഷീയമായ തീരുമാനങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്ന് അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, ബിജു പി. രാമൻ എന്നിവർ മുഖേന ഫയൽചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.