'തെറ്റുപറ്റിയെന്ന് രഞ്ജിത് സമ്മതിക്കണം; നിയമനടപടിക്ക് സഹകരിക്കും'; രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ശ്രീലേഖ മിത്ര
സംവിധായകനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെയുള്ള ആരോപണങ്ങളിൽ ഉറച്ച് ബംഗാളി നടി ശ്രീലേഖ മിത്ര. താൻ വെളിപ്പെടുത്തിയതിൽ ഒരു ഗൂഢാലോചനയുമില്ലെന്നും പറഞ്ഞ മുഴുവൻ കാര്യങ്ങളും പൂർണ്ണ ബോധ്യത്തിൽ നിന്നുള്ളതാണെന്നും ശ്രീലേഖ മിത്ര റിപ്പോർട്ടറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കേസെടുക്കാൻ പരാതി നൽകണമെന്ന സംസ്ഥാന സാംസ്കാരിക വകുപ്പ് മന്ത്രിയുടെ പ്രസ്താവനയോടും മിത്ര പ്രതികരിച്ചു. അത്യാവശ്യമെങ്കിൽ നിയമ നടപടിയോട് സഹകരിക്കുമെന്നായിരുന്നു മിത്രയുടെ പ്രതികരണം. അതേ സമയം രഞ്ജിത്തിനെതിരെ വലിയ പ്രതിഷേധമാണ് പല മേഖലയിൽ നിന്നും ഉയർന്നുവരുന്നത്. സിനിമാ മേഖലയിൽ നിന്ന് തന്നെ നിരവധി താരങ്ങളും സംവിധായകരും രഞ്ജിത്തിനെതിരെ രംഗത്തെത്തിയിരുന്നു.
സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്കും സാംസ്കാരിക മന്ത്രിക്കും യൂത്ത് കോൺഗ്രസ് നേരത്തെ പരാതി നൽകിയിരുന്നു. രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സിപിഐ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര റിപ്പോർട്ടറിനോട് പറഞ്ഞു.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത അകലെയിലെ അഭിനയം കണ്ടാണ് രജ്ഞിത്ത് പാലേരി മാണിക്യത്തിലേക്ക് വിളിക്കുന്നത്. ഓഡിഷൻ എല്ലാം കഴിഞ്ഞതായിരുന്നു. രാവിലെ സംവിധായകൻ രഞ്ജിത്തുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. മലയാള സിനിമ വളരെ ഇഷ്ടമായിരുന്നു. മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ പോകുന്നതിന്റെ സന്തോഷമുണ്ടായിരുന്നു. വൈകീട്ട് അണിയറപ്രവർത്തകർക്കായി പാർട്ടിയുണ്ടായിരുന്നു. അവിടെ എത്തിയപ്പോൾ നിരവധി ആളുകൾ ഉണ്ടായിരുന്നു. നിർമാതാവാണ് ക്ഷണിച്ചത്. ഇവിടെ വെച്ച് തൻറെ റൂമിലേക്ക് വരാൻ രഞ്ജിത്ത് ക്ഷണിച്ചു. സിനിമയെ കുറിച്ച് ഡിസ്കസ് ചെയ്യാനാണെന്നാണ് ഞാൻ കരുതിയത്. റൂമിലെത്തിയതും അദ്ദേഹം കൈയിൽ തൊട്ടു, വളകൾ പിടിച്ചു. അത് വളരെ പ്രയാസമുണ്ടാക്കി. പെട്ടെന്ന് പരിഭ്രമത്തിൽ പ്രതികരിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ രഞ്ജിത്ത് കഴുത്തിലും മുടിയിലും തലോടി. ഉടനെ തന്നെ മുറിയിൽ നിന്നും ഇറങ്ങിപ്പോയി. ആ രാത്രി പേടിയോടെയാണ് ഹോട്ടൽ മുറിയിൽ കഴിഞ്ഞത് ഒരിക്കലും ആ ദിവസം തനിക്ക് മറക്കാനാവില്ല. ഭർത്താവിനോടോ കുടുംബത്തിനോടോ ഇക്കാര്യങ്ങൾ പറയാൻ പറ്റിയില്ല. അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറയുന്നു. അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.