Begin typing your search...

'യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല, താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല'; ശ്രീകുമാരൻ തമ്പി

യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല, താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല; ശ്രീകുമാരൻ തമ്പി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രശസ്ത നർത്തകൻ ആർഎൽവി രാമകൃഷ്ണനെക്കുറിച്ചുള്ള നർത്തകി സത്യഭാമയുടെ അധിക്ഷേപ പരാമർശത്തെ വിമർശിച്ച് പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടായെന്നും അദ്ദേഹം കുറിച്ചു.'യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അദ്ധ്യാപികയുമായിരുന്ന മഹിളാരത്നമാണ്.- ശ്രീകുമാരൻ തമ്പി വ്യക്തമാക്കി

പോസ്റ്റിന്റെ പൂർണരൂപം

കലാമണ്ഡലം സത്യഭാമ എന്ന പേരിൽ ഇപ്പോൾ അറിയപ്പെടുന്ന നൃത്താദ്ധ്യാപികയ്ക്ക് കറുപ്പിനോട് വെറുപ്പ്! യഥാർത്ഥ കലാമണ്ഡലം സത്യഭാമ ഈ സ്ത്രീയല്ല. ആ സത്യഭാമ പ്രശസ്ത കഥകളി ആചാര്യൻ കലാമണ്ഡലം പദ്മനാഭൻ നായരുടെ പത്നിയും കലാമണ്ഡലത്തിലെ അദ്ധ്യാപികയുമായിരുന്ന മഹിളാരത്നമാണ്. ഞാൻ സംവിധാനം ചെയ്ത 'ഗാനം'', 'ബന്ധുക്കൾ ശത്രുക്കൾ' എന്നീ ചിത്രങ്ങളിൽ നൃത്തസംവിധാനം നിർവഹിച്ചത് ആ മഹതിയാണ്. 'അളിവേണി എന്തു ചെയ്വൂ' , 'മലയാളിപ്പെണ്ണേ നിന്റെ മനസ്സ്'... തുടങ്ങിയ ഗാനങ്ങളുടെ ചിത്രീകരണം ഓർമ്മിക്കുക. കലാമണ്ഡലം ക്ഷേമാവതി, കലാമണ്ഡലം സരസ്വതി, കലാമണ്ഡലം ലീലാമ്മ തുടങ്ങിയ പ്രശസ്ത നർത്തകിമാർ ആ സത്യഭാമയുടെ ശിഷ്യരാണ്, കലാമണ്ഡലം പദ്മനാഭൻ നായരുടെയും അദ്ദേഹത്തിന്റെ ഭാര്യ കലാമണ്ഡലം സത്യഭാമയുടെയും കലാജീവിതം വിഷയമാക്കി ഞാൻ 'ദയിതേ കേൾ നീ' എന്ന പേരിൽ വർഷങ്ങൾക്കു മുൻപ് ഒരു ഡോക്കുമെന്ററി നിർമ്മിച്ച് സംവിധാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ദൂരദർശൻ അത് സംപ്രേഷണം ചെയ്തു. ഈ കലാമണ്ഡലം സത്യഭാമയെ ആ പ്രതിഭാ ശാലിനിയുമായി താരതമ്യം ചെയ്യുന്നതു പോലും ശരിയല്ല.

രാധയടക്കം അനേകം മോഹിനിമാരുടെ മനം കവർന്ന ശ്രീകൃഷ്ണന്റെ നിറം കറുപ്പായിരുന്നു എന്ന സത്യം മറക്കരുത്. ശ്രീകൃഷ്ണനും നർത്തകനായിരുന്നു. നിറത്തിന്റെയും ജാതിയുടെയും പേരിൽ ഒരു കലാകാരനേയും വിലയിരുത്താൻ പാടില്ല. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും കലയിൽ പോലും നിറവും ജാതിയുമൊക്കെ കൊണ്ടുവന്ന് കലാരംഗത്തെ മലീമസമാക്കാൻ ആരെയും അനുവദിച്ചുകൂടാ. ഒരു കലാകാരിയും കലാകാരനും ഒരിക്കലും ഇത്രയും ധാർഷ്ട്യത്തോടെ മാദ്ധ്യമ പ്രതിനിധികളോട് സംസാരിക്കാൻ പാടില്ല.. മികച്ച നർത്തകനായ ആർ.എൽ.വി.രാമകൃഷ്ണന്റെ എല്ലാ കലാപ്രവർത്തനങ്ങൾക്കും എന്റെ വിജയാശംസകൾ.

WEB DESK
Next Story
Share it