ഐ.ടി.ഐയിൽ വോട്ട് അഭ്യർഥിക്കാനെത്തിയ കൃഷ്ണകുമാറിനെ എസ്എഫ്‌ഐ തടഞ്ഞു; എബിവിപി പ്രവർത്തകരുമായി തർക്കം
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി നടൻ ജി.കൃഷ്ണകുമാറിനെ തടഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ. കൊല്ലം ചന്ദനത്തോപ്പ് ഐ.ടി.ഐയിൽ വോട്ട് അഭ്യർഥിക്കാനെത്തിയപ്പോഴായിരുന്നു സംഘർഷം. സ്ഥാനാർത്ഥിയുടെ സന്ദർശനത്തിനോട് അനുബന്ധിച്ച് സ്‌പോർട്‌സ് ഡേയുടെ സമ്മാനദാനം നടത്താൻ ശ്രമിച്ചതാണ് സംഘഷത്തിന് ഇടയാക്കിയത്.
കോളജ് ഡേയുമായി അനുബന്ധിച്ച് ലൈറ്റ് ആൻഡ് സൗണ്ട് ക്രമീകരിച്ചതിന്റെ സാമ്പത്തിക വിഷയത്തെ ചൊല്ലി കോളജിൽ നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. പ്രചാരണത്തിന്റെ ഭാഗമായി എത്തിയ സ്ഥാനാർഥിയെ കൊണ്ട് സമ്മാനദാനം നടത്താൻ കഴിയില്ല എന്ന് എസ്എഫ്‌ഐ യൂണിയൻ അംഗങ്ങൾ അറിയിച്ചു. തുടർന്ന് എബിവിപി-എസ്എഫ്‌ഐ അംഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. മുതിർന്ന നേതാക്കളും അധ്യാപകരും ചേർന്ന് രംഗം ശാന്തമാക്കി. തുടർന്ന് ജി. കൃഷ്ണകുമാർ വിദ്യാർഥികളെ അഭിസംബോധന ചെയ്തു.
മുൻപ് എൽഡിഎഫ് സ്ഥാനാർഥി എം.മുകേഷ് കോളജിൽ എത്തി ആർട്‌സ് മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികൾക്ക് സമ്മാനദാനം നടത്തിയിരുന്നു. എന്നാൽ ഇത് തിരഞ്ഞെടുപ്പിന് മുൻപ് പ്രഖ്യാപിച്ച പരിപാടിയാണ് നടത്തിയതെന്നാണ് എസ്എഫ്‌ഐ പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് യുഡിഎഫ് സ്ഥാനാർഥി എൻ.കെ.പ്രേമചന്ദ്രനും ക്യാംപസിൽ എത്തി വിദ്യാർഥികളുമായി സംവദിച്ചിരുന്നു. ക്യാംപസിൽ സ്ഥാനാർഥികൾ വോട്ടു തേടി എത്തുന്നത് വിദ്യാർഥികളെ മുൻകൂട്ടി അറിയിക്കാതെ ആണെന്നും കൃഷ്ണകുമാർ വോട്ട് ചോദിക്കാൻ എത്തിയത് അറിഞ്ഞിരുന്നില്ല എന്നും എസ്എഫ്‌ഐ വിദ്യാർഥികൾ പറഞ്ഞു.