വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു; 2 ഡോക്ടർമാരും 2 നഴ്‌സുമാരും പ്രതികൾ
പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കുറ്റപത്രം സമർപ്പിച്ചു. രണ്ടു ഡോക്ടർമാരെയും രണ്ട് നഴ്‌സുമാരെയും പ്രതികളാക്കിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ ഡോ. സി.കെ. രമേശൻ, കോട്ടയത്തെ സ്വകാര്യ ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ. എം. ഷഹന, കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃ -ശിശു സംരക്ഷണ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സുമാരായ എം. രഹന, കെ.ജി. മഞ്ജു എന്നിവരെയാണ് പ്രതിചേർത്തത്.
കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നൽകിയത്. ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് തന്നെന്നും അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നും അസിസന്റ് കമ്മീഷണർ കെ സുദർശൻ അറിയിച്ചു. 750 പേജുകളുള്ള കുറ്റപത്രത്തിൽ 60 സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. 2017ൽ ഹർഷീനയുടെ മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തിയിരുന്നു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിലാണ് കുറ്റപത്രം സമർപ്പിച്ചതെന്ന് എ സി സുദർശൻ പറഞ്ഞു.