എസ്എസ്എൽസി പരീക്ഷയ്ക്ക് മിനിമം മാർക്ക് നിർബന്ധമാക്കുന്ന നടപടി: വിദ്യാഭ്യാസ വകുപ്പിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതിരെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാരികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാനിടയാക്കുന്നതാണ് ഈ പരിഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാണു പരിഷത്ത് ക്യാംപെയ്ൻ.
പഠനങ്ങളോ പരീക്ഷണങ്ങളോ വിവിധ തലങ്ങളിലെ ചർച്ചകളോ ഇല്ലാതെയാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെന്നാണു പരിഷത്ത് പറയുന്നത്. ഇതു സംബന്ധിച്ചു ജില്ലകൾ തോറും നടത്താനിരിക്കുന്ന തുടർപ്രക്ഷോഭങ്ങൾക്ക് അടിസ്ഥാനമാക്കേണ്ട ലഘുലേഖയ്ക്കു രൂപം നൽകി. കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിലുൾപ്പെടെ 30% മാർക്ക് നിബന്ധന മൂലം പഠനത്തിൽനിന്നു പുറത്തായതു കൂടുതലും പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികളാണെന്നു കണക്കുകൾ സഹിതം (ജനറൽ–16%, പട്ടികജാതി–45.6%, പട്ടികവർഗം–62.5%, ഒബിസി–27.5%, ഒഇസി–32.4%) ശാസ്ത്ര സാഹിത്യ പരിഷത്ത് ചൂണ്ടിക്കാട്ടി.