'നവകേരള സദസിനിടെ നടന്നത് രക്ഷാപ്രവർത്തനം തന്നെ'; പരാജയത്തിന് കാരണം ആ വിഷയമല്ലെന്ന് മുഖ്യമന്ത്രി
നവകേരളാ യാത്രയ്ക്കിടയിലെ 'രക്ഷാപ്രവർത്തനം' വീണ്ടും നിയമസഭയിൽ ചർച്ചയായി. നവകേരള സദസ്സിനിടെ ഡി.വൈ.എഫ്.ഐക്കാർ നടത്തിയത് രക്ഷാപ്രവർത്തനം തന്നെയാണെന്ന് മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. 'രക്ഷാപ്രവർത്തനം' എന്ന് വിളിച്ചതിനാലാണ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം പരാജയപ്പെട്ടു പോയത് എന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങൾ സഞ്ചരിച്ച വാഹനത്തിന് മുമ്പിലേക്ക് ആളുകൾ ചാടിവീണത് എന്തിനായിരുന്നു ആ ഘട്ടത്തിൽ അവരെ പിടിച്ചു മാറ്റുന്നത് സാധാരണഗതിയിൽ രക്ഷാപ്രവർത്തനം അല്ലേ? എന്താ സംശയം. അവരുടെ ദേഹത്ത് തട്ടാതിരിക്കാൻ വേണ്ടിയല്ലേ അവരെ പിടിച്ചു മാറ്റുന്നത്. അത് എങ്ങനെ കുറ്റകരമാകും. കണ്ട വസ്തുത പറയാൻ ബാധ്യസ്ഥനാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കാണാത്ത കാര്യം എങ്ങനെ പറയുമെന്നും ചോദിച്ചു.
എ.കെ.ജി. സെന്റർ ആക്രമണത്തിന് പിന്നാലെ പരിഹാസപൂർവം എത്ര ചോദ്യങ്ങളായിരുന്നു ചോദിച്ചത്. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ വേണ്ടപ്പെട്ട ആളുകൾ തന്നെ അല്ലേ കേസിൽ പിടിയിലായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്തിൽവെച്ച് തനിക്കെതിരേ ആക്രമണ ശ്രമം ഉണ്ടായപ്പോൾ എകെജി സെന്റർ ആക്രമിച്ച കേസിലെ പ്രതിയും വിമാനത്തിൽ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. വയനാട് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ ഗാന്ധി ചിത്രം തകർത്തതാരാണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇടിമുറികളിലൂടെ വളർന്നു വന്ന പ്രസ്ഥാനമല്ല എസ്.എഫ്.ഐയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.