മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ്: ഐജിഎൻടിയു ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി
മലയാളി വിദ്യാർഥികൾക്ക് നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷനൽ ട്രൈബൽ യൂണിവേഴ്‌സിറ്റി(ഐജിഎൻടിയു)യുടെ ഉത്തരവ് പിൻവലിക്കുമെന്ന് മന്ത്രി ആർ.ബിന്ദു. മധ്യപ്രദേശ് ഉന്നതവിദ്യാഭ്യാസ മന്ത്രിക്ക് ഇ-മെയിൽ സന്ദേശമയച്ചു. ട്രൈബൽ യൂണിവേഴ്‌സിറ്റി അധികൃതരുമായി ആശയവിനിമയം നടത്തി. ഉത്തരവ് പിൻവലിക്കുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതർ അറിയിച്ചെന്നും മന്ത്രി അറിയിച്ചു.
സർവകലാശാലയിൽ പ്രവേശിക്കണമെങ്കിൽ നിപ്പ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് അമർഖണ്ഡയിലെ ഐജിഎൻടിയു സർവകലാശാലായുടെ ഭരണാധികാര ചുമതലയുള്ള പ്രഫ.എം.ടി.വി.നാഗരാജു പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞത്. സർവകലാശാലയിലെ വിവിധ യുജി,പിജി കോഴ്‌സുകളിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ഓപ്പൺ കൗൺസിലിങ്ങിൽ പങ്കെടുക്കാനായി പോയ വിദ്യാർഥികളെ ഈ ഉത്തരവ് വലച്ചിരുന്നു. ഇന്നലെയാണ് സർക്കുലർ വിദ്യാർഥികൾക്ക് ലഭിക്കുന്നത്.