ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിച്ച് മന്ത്രി; ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ്
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഡിജിപിക്ക് പരാതി നൽകി പൊതുവിദ്യാഭ്യാസവകുപ്പ്. സ്വകാര്യ ട്യൂഷൻ സെൻററിൽ ക്ലാസെടുക്കുന്ന അധ്യാപകർക്ക് ചോർച്ചയിൽ പങ്കുണ്ടാകാമെന്നും കർശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരാതികൾ നേരത്തെ ഉയർന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോർച്ചക്കുള്ള കാരണം. പരീക്ഷാ തലേന്ന് തന്നെ ചോദ്യം ചോർത്തിയെന്ന് അവകാശപ്പെട്ടാണ് യൂ ട്യൂബ് ചാനലുകൾ പ്രഡിക്ഷൻ എന്ന നിലക്ക് ചോദ്യങ്ങൾ പുറത്തുവിട്ടത്. ക്രിസ്മസ് പരീക്ഷ ചോദ്യങ്ങളുമായി 90 ശതമാനത്തിലേറെ സാമ്യം എംഎസ് സൊല്യൂഷൻ, എഡ്യുപോർട്ട് അടക്കമുള്ള യൂ ട്യൂബ് ചാനലുകളിലെ ചോദ്യങ്ങൾക്ക് വന്നതോടെയാണ് ചോർച്ചയെന്ന പരാതി മുറുകിയത്. ചോദ്യപേപ്പർ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷൻ സെൻററുകളിൽ ഇപ്പോഴും ക്ലാസെടുക്കുന്ന അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസഡയറക്ടർ ഡിജിപിക്ക് പരാതി നൽകിയത്
സ്വകാര്യ ട്യൂഷൻ പരിശീലനകേന്ദ്രങ്ങളിൽ വൻതുകക്ക് ക്ലാസെടുക്കുന്ന സർക്കാർ അധ്യാപകരെ നേരത്തെയും വിദ്യാഭ്യാസവകുപ്പ് സ്ക്വാഡിൻറെയും വിജിലൻസിൻറെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. പക്ഷെ ആറുമാസത്തെ സസ്പെൻഷൻ് ശേഷം അതിവേഗം എല്ലാവരെയും തിരിച്ചടുക്കുന്നതാണ് രീതി. ഓണപ്പരീക്ഷ ചോദ്യപേപ്പറുകളും ഓൺലൈൻ പ്ലാറ്റ് ഫോമുകൾ ചോർത്തിയെന്ന പരാതി ഉയർന്നെങ്കിലും കാര്യമായ നടപടിയൊന്നും ഉണ്ടായിരുന്നില്ല.