പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ഒരുക്കം തുടങ്ങി ഇടത് മുന്നണി
മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെ അനാഥമായ പുതുപ്പള്ളി മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയാണ്. ഉപതിരഞ്ഞെടുപ്പിന്റെ പ്രാഥമിക തയാറെടുപ്പ് ആദ്യം ആരംഭിച്ചിരിക്കുന്നത് സിപിഐഎം ആണ്. സ്ഥാനാർഥികളെ സംബന്ധിച്ച ആദ്യഘട്ട ചർച്ച പാർട്ടി നേതൃത്വത്തിൽ നടന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ റജി സഖറിയ, കെ.എം. രാധാകൃഷ്ണൻ, ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗവുമായ ജെയ്ക് സി.തോമസ് എന്നിവരാണ് പരിഗണനയിൽ.
സംസ്ഥാന നേതൃത്വവും ജില്ലയിൽ നിന്നുള്ള മുതിർന്ന അംഗങ്ങളും തമ്മിലുള്ള ചർച്ചകളിലാണ് മുന്നു നേതാക്കളുടെ പേരുകൾ പരിഗണിക്കാൻ തീരുമാനിച്ചത്. റജി സഖറിയ 1996 ലും ജെയ്ക് സി.തോമസ് 2021ലും ഉമ്മൻ ചാണ്ടിക്കെതിരെ നല്ല മത്സരം കാഴ്ചവച്ചവരാണ്. കർഷക സംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയാണ് കെ.എം.രാധാകൃഷ്ണൻ.
ഒക്ടോബറിൽ ഉപതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ മന്ത്രി വി.എൻ.വാസവനും കെ.പി.ജയചന്ദ്രനുമാണ് ഇപ്പോൾ ഉപതിരഞ്ഞെടുപ്പിന്റെ ചുമതല. നിയോജകമണ്ഡലം കമ്മിറ്റി രൂപീകരിക്കുകയും ലോക്കൽ, ബൂത്ത് കമ്മിറ്റികളുടെ രൂപീകരണത്തിനുള്ള നിർദേശങ്ങൾ താഴേ തട്ടിലേക്ക് ഇതിനോടകം കൈമാറി കഴിഞ്ഞിട്ടുണ്ട്. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ വലിയ വികാരം പുതുപ്പള്ളിയിൽ ഉണ്ടെന്ന കണക്കുകൂട്ടൽ സിപിഐഎം സംസ്ഥാന നേതൃത്വത്തിനും ഉണ്ട്. എന്നാൽ തിരഞ്ഞെടുപ്പുഘട്ടമാകുമ്പോൾ ശക്തമായ രാഷ്ട്രീയ മത്സരമായി മാറ്റാമെന്നാണു പ്രതീക്ഷ.