മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമം; കാസർകോട് പൊലീസുകാരൻ അറസ്റ്റിൽ
മദ്യലഹരിയിൽ ആശുപത്രി ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിച്ച പൊലീസുകാരൻ അറസ്റ്റിൽ. കാഞ്ഞങ്ങാട് പൊലീസ് കൺട്രോൾ റൂമിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ മോഹനനെയാണ് രാജപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാരുടെ നമ്പർ വാങ്ങാനെന്ന വ്യാജേനയാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ പത്തു മണിയോടെയാണ് മോഹനൻ പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് എത്തുന്നത്. ആശുപത്രിയിലെ ജീവനക്കാരിൽ ഒരാൾ സ്ഥിരം ജീവനക്കാരുടെ വിവരങ്ങൾ കുറിച്ചുനൽകി. ആശുപത്രിയിൽ നിന്നും ഇറങ്ങിയ മോഹനൻ, വീണ്ടും തിരിച്ചെത്തി ലാബിലെ പെൺകുട്ടിയുടെ ഫോൺ നമ്പർ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ സംശയം തോന്നിയ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മോഹനൻ ലാബിലെ ഉപകരണങ്ങളും നശിപ്പിച്ചു. വീടിനടുത്തുള്ള ആശുപത്രി ജീവനക്കാരിയായ പെൺകുട്ടിയുടെ മൊബൈൽ നമ്പർ സംഘടിപ്പിക്കാനാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.