സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തും; ഗുരുവായൂരിൽ 17ന് രാവിലെ 6 മുതൽ 9വരെ മറ്റ് വിവാഹങ്ങൾക്ക് അനുമതി ഇല്ല
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 17ന് രാവിലെ ആറുമുതല്‍ ഒമ്പതുവരെ വിവാഹങ്ങള്‍ക്ക് അനുമതിയില്ല. നേരത്തെ ബുക്ക് ചെയ്ത വിവാഹങ്ങള്‍ രാവിലെ ആറിനു മുമ്പോ ഒമ്പതിനു ശേഷമോ നടത്തേണ്ടിവരും. പൊലീസ് ഇത് സംബന്ധിച്ച് വിവാഹ പാര്‍ട്ടിക്കാര്‍ക്ക് നിര്‍ദേശം നല്‍കി. നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.
രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷം ക്ഷേത്രനടയില്‍ നടക്കുന്ന സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്.
വെള്ളിയാഴ്ച എസ്.പി.ജി. കമാന്‍ഡോസ് എത്തും. നഗരത്തില്‍ രാവിലെ ആറുമുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചൂണ്ടല്‍ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രനട വരെ വാഹനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി കലക്ടര്‍ വി.ആര്‍. കൃഷ്ണതേജ ക്ഷേത്ര പരിസരത്ത് സന്ദര്‍ശനം നടത്തി.