ജൂഡീഷ്യറിയിലെ പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കണം; ഹൈക്കോടതി വിധിക്കെതിരെ പി ജയരാജന്‍
വധശ്രമക്കേസില്‍ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കേസിന്റെ കാര്യത്തില്‍ കോടതി നീതീകരിക്കാനാവാത്ത ധൃതി കാണിച്ചു. മറ്റൊരു ബെഞ്ചിലേക്ക് മാറേണ്ട കേസ് ധൃതിപ്പെട്ട് വാദം കേട്ടു. ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുകള്‍ക്കെതിരെ പ്രതികരിക്കണമെന്നും പി ജയരാജന്‍ ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞു.
കോടതിയുടെ മഹനീയമായ പദവിയെ ജനങ്ങള്‍ ആദര പൂര്‍വ്വമാണ് കാണുന്നത്. ന്യായാധിപന്മാര്‍ക്ക് നിര്‍ഭയമായും ധാര്‍മ്മിക സത്യസന്ധത പാലിച്ചു കൊണ്ടും സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനങ്ങള്‍ക്ക് വശംവദരാവാതെയും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യതയുണ്ടെന്നും പി ജയരാജന്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
24 വര്‍ഷങ്ങള്‍ക്ക് മുമ്പ് തിരുവോണദിവസം വീട്ടില്‍ കയറി എന്നെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ ശിക്ഷ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്നു. വിധി ഉണ്ടാക്കിയ അമ്പരപ്പിനെ തുടര്‍ന്ന് പലരും എന്നെ വിളിച്ച് അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുകയുണ്ടായി. കീഴ്‌ക്കോടതികളുടെ വിധികള്‍ മേല്‍ക്കോടതികള്‍ റദ്ദാക്കുന്നത് സ്വാഭാവികമാണ്. ഞാന്‍ ഇരയായിട്ടുള്ള വധശ്രമ കേസിന്റെ ഹൈക്കോടതി വിധിയും അതുകൊണ്ട് തന്നെ ഞാന്‍ വ്യക്തിപരമായി എടുക്കുന്നുമില്ല. എന്നാല്‍ ജുഡീഷ്യറിയുടെ പല തലങ്ങളിലും ആര്‍എസ്എസിന്റെ ഇടപെടലുകള്‍ സാര്‍വ്വത്രികമായി ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ടു തന്നെ കേരള ഹൈക്കോടതിയുടെ ഈ കേസിലെ നടപടി ക്രമങ്ങള്‍ സസൂക്ഷ്മം പിന്തുടര്‍ന്നിരുന്നു. കാരണം ആര്‍.എസ്.എസ്. പ്രമുഖന്‍ കൂടി പ്രതികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.
2023 ഡിസംബര്‍ 20 നാണ് അപ്പീല്‍ ഹരജികള്‍ ബഹുമാനപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചത്. പരിഗണനക്കെടുത്തപ്പോള്‍ കേസ് മറ്റൊരു ദിവസത്തേക്ക് നീട്ടിവെക്കണമെന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ കോടതിയോടപേക്ഷിച്ചു .അപ്പീല്‍ ഹരജി കേള്‍ക്കുന്നത് ക്രിസ്മസ് വെക്കേഷന് ശേഷം പരിഗണിക്കാമെന്ന് ജഡ്ജ് പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസം അതായത് ഡിസംബര്‍ 21ന് ഈ മൂന്ന് അപ്പീലുകളും പരിഗണനക്കായി പോസ്റ്റ് ചെയ്യുകയാണുണ്ടായത്. 21ന് ഈ കേസ് പരിഗണനക്കെടുത്തപ്പോള്‍ തലേ ദിവസത്തെ കോടതിയുടെ തീരുമാനം വെക്കേഷന് ശേഷം പരിഗണിക്കണമെന്നായിരുന്നുവെന്ന കാര്യം ഗവണ്‍മെന്റ് പ്ലീഡര്‍ ഓര്‍മ്മിപ്പിച്ചു. അങ്ങനെയാവാമെന്ന് കോടതിയും. ക്രിസ്മസ് അവധിക്ക് ശേഷം 2024 ജനുവരി 4ന് കേസ് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇവിടെയാണ് അസ്വാഭാവികമായ നടപടിയുണ്ടായത്. ഈ കേസ് 'ഭാഗീകമായി കേട്ടു' എന്നു കൂടി കോടതി രേഖപ്പെടുത്തി. യഥാര്‍ത്ഥത്തില്‍ അപ്പീലുകളുടെ ഭാഗമായി ഒരു വാദവും ആരും ഉയര്‍ത്തിയിരുന്നില്ല. ഇത് ഇങ്ങനെ രേഖപ്പെടുത്തിയത് നീതിനിര്‍വഹണ കാര്യത്തില്‍ ഗൗരവമായ പ്രശ്‌നമാണ്. അപ്പീല്‍ പരിഗണിച്ച ബെഞ്ചിലെ വീഡിയോ ഫുട്ടേജ് പരിശോധിച്ചാല്‍ മേല്‍പറഞ്ഞതെല്ലാം വസ്തുതയാണെന്ന് വ്യക്തമാവും.കേസിന്റെ കാര്യത്തില്‍ കോടതി കാണിച്ച നീതീകരിക്കാനാവാത്ത ധൃതി ശ്രദ്ധിക്കപ്പെടേണ്ടതാണ്. അക്രമത്തിന്റെ ഇരയെന്ന നിലയില്‍ അതിനാല്‍ തന്നെ എനിക്ക് നീതി ലഭിച്ചില്ല. വധശ്രമത്തിന് ഇരയായിട്ടുള്ള ആളെന്ന നിലയില്‍ നീതി നിഷേധമാണ് ഇവിടെ സംഭവിച്ചത്. ഇതെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് 2023 ഡിസംബര്‍ 26ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഞാന്‍ രേഖാമൂലം പരാതി നല്‍കിയത്. ഈ പരാതി പരിഗണിച്ചിരുന്നെങ്കില്‍ ക്രിസ്മസ് വെക്കേഷന് ശേഷമുള്ള ക്രിമിനല്‍ അപ്പീലുകള്‍ പരിഗണിക്കുന്ന ബെഞ്ചാകുമായിരുന്നു ഈ കേസില്‍ വിധി പറയുക.
ക്രിസ്മസ് അവധിക്ക് ശേഷം പരിഗണനക്ക് വെച്ച കേസ് തൊട്ടടുത്ത ദിവസം തന്നെ പരിഗണനക്കെടുത്തതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് 20ന് വൈകുന്നേരമാവുമ്പോഴേക്ക് ക്രിസ്മസ് അവധിക്ക് ശേഷമുള്ള ബെഞ്ചുകളുടെ ക്രമീകരണം ഹൈക്കോടതി തയ്യാറാക്കിയിരുന്നു. അതനുസരിച്ച് ഇപ്പോള്‍ വിധി പറഞ്ഞ ബെഞ്ചിന്റെ മുമ്പിലല്ല അപ്പീലുകള്‍ വരിക. രണ്ടാമതായി തലേ ദിവസം ഭാഗീകമായി കേട്ടു എന്ന് രേഖപ്പെടുത്തിയിരുന്നില്ല. 21ന് 'ഭാഗീകമായി കേട്ടു ' എന്ന് (കേള്‍ക്കാതെ) രേഖപ്പെടുത്തിയാല്‍ വിധി പറഞ്ഞ ബെഞ്ചിന്റെ മുമ്പില്‍ തന്നെ ക്രിസ്മസ് അവധിക്ക് ശേഷവും അപ്പീലുകള്‍ പരിഗണനക്ക് വരും. ഇക്കാരണങ്ങളാലാണ് നീതി ലഭിക്കുന്നതിന് വേണ്ടി റോസ്റ്റര്‍ പ്രസിദ്ധീകരിച്ച പ്രകാരം ക്രിമിനല്‍ അപ്പീലുകള്‍ കേള്‍ക്കുന്ന ബെഞ്ച് കേസ് പരിഗണിക്കണമെന്ന് ബഹുമാനപ്പെട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ഡിസംബര്‍ 26ന് തന്നെ രേഖാമൂലം ഞാനപേക്ഷിച്ചത്. ഈ അപേക്ഷ പരിഗണിക്കപ്പെട്ടില്ല. വിയോജിപ്പുകള്‍ സാര്‍വ്വത്രികമായി ഉയര്‍ന്ന പല വിധികളും പുറപ്പെടുവിച്ച ന്യായാധിപന്മാര്‍ക്ക് വിരമിച്ചതിന് ശേഷം ലഭിച്ച പദവികള്‍ ഇന്ത്യന്‍ ജുഡീഷ്യറിക്ക് കളങ്കമേല്‍പ്പിച്ചതാണ്. ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ ഗ്യാന്‍വാപി പള്ളി ഹിന്ദുക്കള്‍ക്ക് ആരാധനക്കായി തുറന്ന് കൊടുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ഹരജി അനുവദിച്ച ജഡ്ജിക്ക് ലോകായുക്തയായി നിയമനം നല്‍കിയതാണ് ഇന്നത്തെ വാര്‍ത്ത. ഇത്തരം വാര്‍ത്തകള്‍ തുടര്‍ക്കഥയാവുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ ഇനിയെന്ത് എന്നതാണ് നമ്മുടെ മുമ്പിലുള്ള ചോദ്യം.
ജുഡിഷ്യറിയില്‍ നിന്ന് നീതി നിര്‍വഹണത്തിന്റെ അന്തസത്ത ഉയര്‍ത്തിപ്പിടിക്കാന്‍ തയ്യാറാവുന്നതിലാണ് നമ്മുടെ പ്രതീക്ഷ. ഈ കേസിന്റെ കാര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന ഹരജിയില്‍ എനിക്കും സുപ്രീം കോടതിയില്‍ കക്ഷി ചേരാനാവും എന്നതാണ് കിട്ടിയ ഉപദേശം. അതേ സമയം ജുഡീഷ്യറിയിലെ ഇത്തരം പുഴുക്കുത്തുകള്‍ക്കെതിരായി ജനങ്ങള്‍ പ്രതികരിക്കുകയും വേണം. കാരണം ജനാധിപത്യ വ്യവസ്ഥയില്‍ ജനങ്ങളാണല്ലോ പരമാധികാരികള്‍. കോടതിയുടെ മഹനീയമായ പദവിയെ ജനങ്ങള്‍ ആദര പൂര്‍വ്വമാണ് കാണുന്നത്. ന്യായാധിപന്മാര്‍ക്ക് നിര്‍ഭയമായും ധാര്‍മ്മിക സത്യസന്ധത പാലിച്ചു കൊണ്ടും സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രലോഭനങ്ങള്‍ക്ക് വശംവദരാവാതെയും ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കാനുള്ള ബാധ്യതയുണ്ട്.