'മുഖ്യമന്ത്രി പിണറായി വിജയനോടുള്ള ജനങ്ങളുടെ ആരാധന സ്വാഭാവികം'; എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ
മുഖ്യമന്ത്രി പിണറായി വിജയനോട് ജനങ്ങൾക്ക് ആരാധന തോന്നുക എന്നത് സ്വാഭാവികമെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. ചരിത്രപുരുഷന്‍മാര്‍ക്ക് ആരാധകരുണ്ടാവുക സ്വാഭാവികമാണ്. എങ്കിലും പാര്‍ട്ടി ഇക്കാര്യം സ്വയം വിമര്‍ശനപരമായി പരിശോധിക്കുമെന്ന് ഇ.പി ജയരാജന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'അദ്ദേഹത്തിന് ഒരുപാട് കഴിവുകളുണ്ട്. അത് എല്ലാവരും അംഗീകരിക്കുന്നതാണ്. ആ കഴിവ് ഭരണരംഗത്തും രാഷ്ട്രീയരംഗത്തും സംഘടനാ രംഗത്തും ഉണ്ട്. അദ്ദേഹത്തിനുള്ള ആ പ്രത്യേകതയെ ആരാധിക്കുന്നവര്‍ നിങ്ങള്‍ കാണുന്നതിലപ്പുറം ജനം ഇവിടെയുണ്ട്. ആ ആരാധനയുടെ ഭാഗമായിട്ടുണ്ടാകുന്ന കലാസൃഷ്ടികളാണ് ഇത്. തച്ചോളി ഒതേനനെക്കുറിച്ച് വീരാരാധനയുള്ള ഒരുപാട് പേരുണ്ട്. അതൊക്കെ ഒരു കാലഘട്ടത്തിലുണ്ടാകുന്ന പ്രത്യകതയുള്ള ഇതിഹാസപുരുഷന്‍മാരാണ്. ശ്രീനാരായണഗുരു, അയ്യങ്കാളി എന്നിവരൊക്കെ അങ്ങനെയാണ്.
അതേസമയം വ്യക്തി ആരാധനയ്ക്ക് കമ്യൂണിസ്റ്റുകാര്‍ എതിരാണ്. പക്ഷെ വ്യക്തിത്വത്തെ മാനിക്കാതിരിക്കുന്നില്ല. മഹാനായ ലെനിന്‍, ചെഗുവരേ എന്നിവർ ഉദാഹരണങ്ങളാണ്. പൊതുവെ ഇത്തരം കാര്യങ്ങള്‍ സ്വയം വിമര്‍ശനമായി പരിശോധിക്കാറുണ്ട്. ഇപ്പോള്‍ വരുന്ന കാര്യങ്ങളൊക്കെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമര്‍ശനപരമായും സ്വയം വിമര്‍ശനമപരമായും പരിശോധിക്കും' ജയരാജന്‍ പറഞ്ഞു.
'കേരള സിഎം' എന്ന പേരില്‍ യുട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിലാണ് പിണറായി വിജയനെ സ്തുതിക്കുന്നത്. പിണറായി വിജയന്‍ നാടിന്റെ അജയ്യന്‍, നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍ എന്നാണ് പാട്ടിന്റെ തുടക്കം. തീയില്‍ കുരുത്തൊരു കുതിര, കൊടുങ്കാറ്റില്‍ പറക്കും കഴുകന്‍, മണ്ണില്‍ മുളച്ചൊരു സൂര്യന്‍, മലയാളനാട്ടില്‍ മന്നന്‍, ഇന്‍ക്വിലാബിന്‍ സിംബല്‍, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്സ് പക്ഷി... ഇങ്ങനെ നീളുന്നു പാട്ടില്‍ പിണറായി വിജയനെക്കുറിച്ചുള്ള വിശേഷണങ്ങള്‍.
പാട്ട് ഏറെ വിവാദമായെങ്കിലും ഇതിനെതിരെ സിപിഐഎം നേതാക്കളുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നില്ല. ദൈവം കേരളത്തിന് നല്‍കിയ വരദാനമാണ് പിണറായി വിജയനെന്ന് നവകേരള സദസിന്റെ വര്‍ക്കലയില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചിലര്‍ക്കൊക്കെ മുഖ്യമന്ത്രിയോട് അസൂയയാണെന്നും വിളക്കുകത്തിച്ചും വെള്ളമൊഴിച്ചും അദ്ദേഹത്തെ പ്രാകുകയാണെന്നും കഴിഞ്ഞദിവസം മന്ത്രി സജി ചെറിയാനും പ്രതികരിച്ചിരുന്നു.