പിണറായിക്കും കേജ്രിവാളിന്റെ അവസ്ഥ വരും; പി സി ജോർജ്
മുഖ്യമന്ത്രി പിണറായി വിജയന് അരവിന്ദ് കേജ്രിവാളിന്റെ അവസ്ഥ വരുമെന്ന് പി സി ജോർജ്. കേജ്രിവാൾ അകത്ത് പോയപ്പോൾ ഏറ്റവും വലിയ നെഞ്ചിടിപ്പ് പിണറായിക്കാണെന്നും അദ്ദേഹം പറഞ്ഞു. കളവും പിടിച്ചുപറിയും നടത്തുമ്പോൾ ഓർക്കണമായിരുന്നു. ഏഴ് തവണ നോട്ടീസ് നൽകിയിട്ടും ഹാജരാകാതിരുന്നാൽ അറസ്റ്റ് ചെയ്യുകയല്ലാതെ ഉമ്മ വയ്ക്കണമോയെന്നും പി സി ജോർജ് ചോദിച്ചു.
കേജ്രിവാളിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് സുപ്രീം കോടതി ഇടപെടാതിരുന്നത്. തെറ്റ് ചെയ്തതിനാണ് അറസ്റ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തിന് മദ്യനയം തിരുത്തിയെന്ന് കേജ്രിവാൾ മറുപടി പറയണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു. 2029ൽ കേരളത്തിൽ ബി ജെ പി മുഖ്യമന്ത്രി ഉണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്ന നല്ല കാര്യങ്ങൾ ജനങ്ങളിലെത്തിക്കാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ലെന്നും പി സി ജോർജ് ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ വെള്ളിയാഴ്ചയാണെന്ന് പറഞ്ഞ് എല്ലാവരും ഇറങ്ങി. അതിന് എൽ ഡി എഫും യു ഡി എഫും പിന്തുണ നൽകി. പന്ത്രണ്ടര വരെയല്ലേ ജുമാ ഉള്ളൂ. ക്രിസ്ത്യാനികളുടെ പ്രമാണങ്ങളിലുള്ള ദിനമാണ് ഞായറാഴ്ച. അന്ന് തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതിനെ ആരും എതിർക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.