ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ തെളിവെടുപ്പിനായി ചാത്തന്നൂരിൽ എത്തിച്ചു. പദ്മകുമാർ, ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെയാണ് തെളിവെടുപ്പിനായി ചാത്തന്നൂരിലെ ഇവരുടെ വീട്ടിലെത്തിച്ചത്. ഫൊറൻസിക് വിദഗ്ദർ നേരത്തെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിനുള്ളിൽ ഫൊറൻസിക് ഉദ്യോഗസ്ഥർ പരിശോധന നടത്തുകയും ചെയ്തു.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കാർ വീട്ടുമുറ്റത്തുതന്നെ ഉണ്ട്. സംഭവത്തിന് ശേഷം ഇവർ കാർ ഉപയോഗിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാറിനുള്ളിൽനിന്ന് നിർണായക തെളിവുകൾ ലഭിക്കുമോ എന്നാണ് പരിശോധന നടത്തുന്നത്. കൂടാതെ കുട്ടിക്ക് ഏതെങ്കിലും തരത്തിൽ ലഹരി മരുന്നുകൾ നൽകിയിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനയും നടത്തിവരികയാണ്.
പാരിപ്പള്ളിയിലേക്കും കുട്ടിയെ തട്ടിക്കൊണ്ടു പോയ ഓയൂരിലെ സ്ഥലത്തേക്കും പ്രതികളെ പോലീസ് കൊണ്ടുപോകുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിനു പുറമെ ഇവരെ പിടികൂടിയ തെന്മലയ്ക്കും തെങ്കാശിക്കും ഇടയിലുള്ള ഹോട്ടലിൽ എത്തിച്ചും തെളിവെടുപ്പ് നടത്തേണ്ടതുണ്ട്. ഇതും വൈകാതെ തന്നെ പോലീസ് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.