മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിക്ക് തമിഴ്‌നാട്ടിൽ പീഡനം; കാറിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ തമിഴ്നാട്ടിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. ഇന്നലെ രാവിലെ തമിഴ്നാട് തേനിയിലാണ് സംഭവം നടന്നത്. പീഡനത്തിനുശേഷം വിദ്യാർത്ഥിനിയെ ഡിണ്ടിഗൽ റെയിൽവേ സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വിദ്യാർത്ഥിനി നിലവിൽ ഡിണ്ടിഗൽ സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
യുവതിയുടെ കുടുംബം ഏറെ നാളായി ഉത്തമപാളയത്താണ് താമസം. തേനിയിലെ സ്വകാര്യ നഴ്സിംഗ് സ്ഥാപനത്തിലെ രണ്ടാംവർഷ വിദ്യാർത്ഥിനിയാണ് ക്രൂരപീഡനത്തിനിരയായത്. തേനിയിൽ നിന്ന് ബസിൽ ഉത്തമപാളയത്തേയ്ക്ക് വരുന്നതിനിടെ ഒരു സ്ത്രീ തന്നെ പിന്തുടരുന്നതായി യുവതി പിതാവിനെ അറിയിച്ചിരുന്നു. പിതാവുമായി ഫോണിൽ സംസാരിക്കുന്നതിനിടെ യുവതിയുടെ ഫോൺ സ്വിച്ച് ഓഫായി. പിന്നാലെ പിതാവ് പൊലീസിനെ വിവരമറിയിച്ചു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്. ബസിൽ നിന്ന് പുറത്തിറങ്ങിയ യുവതിയെ വഴിയിൽ കാത്തുനിന്ന സംഘം വലിച്ചിഴച്ച് കാറിൽ കയറ്റുകയും കാറിൽവച്ച് പീഡിപ്പിച്ചതിനുശേഷം റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കുകയുമായിരുന്നു.
ഒരു സംഘം തന്നെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കിയെന്നാണ് യുവതി പൊലീസീന് മൊഴി നൽകിയത്. കേരള രജിസ്ട്രേഷനിലെ വാഹനമാണ് ഇതെന്ന് വിവരമുണ്ട്. നാലംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. യുവതി തന്നെയാണ് പീഡനവിവരം റെയിൽവേ പൊലീസിനെ അറിയിച്ചത്. തുടർന്ന് അവർ തേനി പൊലീസിനെ വിവരമറിയിക്കുകയും യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.