പെട്രോൾ പമ്പിന്റെ ഫയൽ തീർപ്പാക്കിയതിൽ നവീൻ ബാബുവിന് വീഴ്ചയില്ല; എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും കലക്ടറുടെ റിപ്പോർട്ട്
കൈക്കൂലി ആരോപണം ഉന്നയിച്ച പ്രശാന്തിന്റെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് എഡിഎം നവീൻ ബാബു ഫയൽ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്ന് കണ്ണൂർ ജില്ലാ കലക്ടറുടെ റിപ്പോർട്ട്. യാത്രയയപ്പ് സമ്മേളനത്തിന്റെ പിറ്റേന്ന് നവീൻ ബാബുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കലക്ടറോട് റവന്യൂമന്ത്രി കെ രാജൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിലാണ് നവീൻ ബാബുവിന് ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്.
പെട്രോൾ പമ്പിന്റെ ഫയൽ തീർപ്പാക്കുന്നതിൽ നവീൻ ബാബുവിന് വീഴ്ചയില്ല. പെട്രോൾ പമ്പിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു ഫയൽ അകാരണമായി വൈകിപ്പിച്ചിട്ടില്ലെന്നും കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. പ്രശാന്തിന്റെ അപേക്ഷയുമായി ബന്ധപ്പെട്ട കാര്യത്തിൽ തീർപ്പുകൽപ്പിക്കുന്നതിൽ സ്വാഭാവിക സമയം മാത്രമാണ് നവീൻ ബാബു എടുത്തത്. ഏറ്റവും വിവാദമായി ഉയർന്നുവന്ന വിഷയം പെട്രോൾ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തെ ഭൂമിയുടെ ചരിവാണ്. ഇത് ഒരു പ്രശ്നമായി ജില്ലാ പൊലീസ് മേധാവി ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ ആ ഭൂമിയിൽ ചില മാറ്റങ്ങൾ വരുത്തിയാൽ സംരംഭം തുടങ്ങാവുന്നതാണെന്ന് കാണിച്ച് ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി. ടൗൺ പ്ലാനറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആറു ദിവസം കൊണ്ട് നവീൻ ബാബു ഫയൽ തീർപ്പാക്കിയെന്നാണ് റിപ്പോർട്ടിലെ ജില്ലാ കലക്ടറുടെ കണ്ടെത്തൽ.