Begin typing your search...

നവതിയുടെ നിറവിൽ എം.ടി ; മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ഇന്ന് 90-ാം പിറന്നാൾ

നവതിയുടെ നിറവിൽ എം.ടി ; മലയാളത്തിന്റെ പ്രിയ എഴുത്തുകാരന് ഇന്ന് 90-ാം പിറന്നാൾ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

മലയാള ഭാഷയെയും മലയാളിയുടെ ഭാവനയെയും പരിപോഷിപ്പിച്ച തൊണ്ണൂറു വർഷങ്ങളാണ് കടന്നുപോയത്. ആസ്വാദകർക്ക് വായനയുടെ പുതു വാതായനങ്ങൾ തുറന്നിട്ട് ഭാഷയുടെ തറവാട്ട് മുറ്റത്ത് വിഹരിക്കുന്ന എം ടി ഇന്നും ഊർജസ്വലനാണ്. വായനക്കാർക്ക് അനുഭവിക്കാനായി ഭാഷ മൃദുവായ ചർമ്മം പോലെയാവണമെന്ന് ഉദ്ഘോഷിച്ച എം ടി ലളിത ഭാഷയുടെ പ്രായോക്താവും പ്രചാരകനുമായിരുന്നു.. മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല മനുഷ്യരും കഥാപാത്രങ്ങളായി ആ തൂലികയിലൂടെ പിറവിയെടുത്തു.കഥകളുടെ ഒരു കണ്ണാന്തളിപ്പൂക്കാലമായിരുന്നു എംടിയുടെ എഴുത്ത്. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ മലയാളക്കരയാകെ എംടിക്ക് ആയുരാരോഗ്യ സൗഖ്യമുള്ള പിറന്നാൾ നേരുകയാണ്.

ദാരിദ്ര്യം കാർന്ന് തിന്ന പുന്നയൂർകുളത്തേയും കൂടല്ലൂരെയും ബാല്യകാലമാണ് എംടിക്കുള്ളത്. വിക്ടോറിയ കോളജിന്റെ പൈതൃക മുറ്റത്തു നിന്നും രസതന്ത്രത്തിന്റെ ആദ്യ പാഠങ്ങൾ പഠിച്ച് അധ്യാപനത്തിന്റെ വഴി തെരഞ്ഞെടുത്തപ്പോളും സർഗാത്മകതയുടെ ലോകത്തോട് വല്ലാത്ത അഭിനിവേശമായിരുന്നു എംടിക്ക്. പത്രപ്രവർത്തനം എംടിക്ക് സാഹിത്യത്തോട് അടുക്കാനുള്ള മറ്റൊരു മാർഗമായിരുന്നു. എഴുത്തുകാരനായി ചുവടു വച്ച് പിന്നീട് ചലച്ചിത്ര മേഖലക്ക് എംടി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.

പരിചിതമായ ജീവിതപരിസരങ്ങളില്‍ നിന്ന് കാലാതിവര്‍ത്തിയായ കഥകള്‍ എംടി എഴുതിത്തുടങ്ങിയത് സ്കൂള്‍ കാലഘട്ടം മുതലാണ്. ബിരുദം നേടുമ്പോള്‍ രക്തം പുരണ്ട മണ്‍തരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നില്‍ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിന്‍റെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടല്‍കടന്നുപോയ ഷെര്‍ലക്കുമെല്ലാം എംടിയുടെ കീര്‍ത്തിമുദ്രാകളാണ്.

എഴുതുക മാത്രമല്ല, എഴുത്തുകാരെ വളര്‍ത്തുകയും ചെയ്തു. ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ വലിയ വിപ്ലവം ആധുനിക മലയാള സാഹിത്യത്തില്‍ കൊണ്ടുവന്നത് എംടിയായിരുന്നു. പുരാണങ്ങളെ പുനരാഖ്യാനം ചെയ്ത് ഇതിഹാസമായി മാറിയ എഴുത്തുകാരനായി എംടി. മഹാമൗനത്തിന്‍റെ വാത്മീകത്തിലിരിക്കുമ്പോഴും മനുഷ്യന്‍റെ ആത്മസംഘര്‍ഷങ്ങളുടെ അടരുകള്‍ തേടുകയാണ് എംടി വാസുദേവൻ നായർ ഇപ്പോഴും.

WEB DESK
Next Story
Share it