Begin typing your search...

സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചു, ചില നേതാക്കൾ ബിജെപി ഏജൻറുമാർ; മന്ത്രി റിയാസ്

സെമിനാർ പൊളിക്കാൻ കോൺഗ്രസ് ശ്രമിച്ചു, ചില നേതാക്കൾ ബിജെപി ഏജൻറുമാർ; മന്ത്രി റിയാസ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോൺഗ്രസിലെ ചില നേതാക്കൾ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാരാണെന്ന ആരോപണവുമായി മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഇവർ ഏക വ്യക്തി നിയമത്തിനെതിരായ സിപിഎം സെമിനാർ പൊളിക്കാൻ ശ്രമിച്ചതായി മന്ത്രി ആരോപിച്ചു. സെമിനാറിന്റെ ശോഭ കെടുത്താൻ വ്യാപക പ്രചാരണം നടത്തി. കേരളത്തിൽ ഈ സെമിനാർ പൊളിക്കാൻ ഏറ്റവും തീവ്രമായ നിലപാടെടുത്തത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമാണെന്നും റിയാസ് കുറ്റപ്പെടുത്തി.

ഏക വ്യക്തിനിയമത്തിനെതിരെ ആത്മാർഥമായി പ്രവർത്തിക്കുന്ന യുഡിഎഫിലെയും കോൺഗ്രസിലെയും നേതാക്കൻമാർ, കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്ന ബിജെപിയുടെ സ്ലീപ്പിങ് ഏജന്റുമാരെ തിരിച്ചറിയണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

''മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം പ്രക്ഷോഭങ്ങളും സെമിനാറുകളും നടത്തിയാൽ അതിന്റെ പേരിൽ വേട്ടയാടുകയും അതിനെ ശരിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ബിജെപിക്ക് ഉള്ളത്. കേരളത്തിൽ അതു നടക്കില്ല എന്നുള്ളതുകൊണ്ട്, ഈ സെമിനാറിനെ പരിഹസിച്ചുകൊണ്ടുള്ള ബിജെപി നേതാക്കൻമാരുടെ പ്രസ്താവനകളുണ്ട്. അത് അവരുടെ നിലപാടാണ്. അവരതു പറയുന്നു എന്നേയുള്ളൂ.'

''എന്നാൽ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൻമാർ ഈ സെമിനാർ പരാജയപ്പെടാനും ഈ സെമിനാറിലെ ജനപങ്കാളിത്തം ഇല്ലാതാക്കാനും വൈവിധ്യമാർന്ന മേഖലകളിലുള്ളവർ ഈ സെമിനാറിൽ പങ്കെടുക്കാതിരിക്കാനും സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്ത് കുപ്രചാരണം നടത്തി മുന്നോട്ടു പോകാനുമാണ് ശ്രമിച്ചത്. ആ കോൺഗ്രസ് നേതാക്കൻമാർ ആർഎസ്എസിന്റെ സ്ലീപ്പിങ് ഏജന്റുമാരായി കേരളത്തിലെ കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്.'

''യുദ്ധമുഖത്ത് ഒരു ചേരിയിൽനിന്നുകൊണ്ട് മറുചേരിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവരാണ് സ്ലീപ്പിങ് ഏജന്റുമാർ. അവസരം കിട്ടിയാൽ അവർ മറു ചേരിക്കൊപ്പം നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത്. ഇവർ വിവരങ്ങൾ ചോർത്തും. തങ്ങൾക്ക് താൽപര്യമുള്ള ചേരിയുടെ ഉദ്ദേശങ്ങൾക്ക് അനുസൃതമായി മറുചേരിയിൽനിന്ന് കാര്യങ്ങൾ നീക്കും. സാഹചര്യം ഒത്തുവന്നാൽ യഥാർഥ കൂറ് പരസ്യമാക്കും. കോൺഗ്രസ് നേതാക്കളായ ചിലർ ഈ സെമിനാറിനെ തകർക്കാൻ ശ്രമിച്ചതിലൂടെ ബിജെപിയുടെ സ്ലീപ്പിങ് ഏജന്റുമാരാണെന്ന് തെളിയിച്ചു.'

''യുഡിഎഫിലും കോൺഗ്രസിലും ഏക വ്യക്തി നിയമത്തിനെതിരെ ആത്മാർഥമായി പ്രവർത്തിക്കുന്നവർ ഈ സ്ലീപ്പിങ് ഏജന്റുമാരെ തിരിച്ചറിയണം. ഇവർ കോൺഗ്രസ് പാർട്ടിയെ അപകടത്തിലേക്കു കൊണ്ടുപോകും. ഈ സെമിനാറിനെ എന്തിന് ഇങ്ങനെ വക്രീകരിക്കാൻ ശ്രമം നടത്തി? കോൺഗ്രസ് സെമിനാർ നടത്തുമ്പോൾ ഞങ്ങൾ ഇടപെടുന്നില്ലല്ലോ. ഏക വ്യക്തിനിയമത്തിനെതിരെ കേരളത്തിൽ വികാരം വരാതിരിക്കാൻ, കേരളത്തിൽ എല്ലാവരും ഒന്നിച്ചു നിലകൊള്ളുന്ന ഒരു രാഷ്ട്രീയം തകരാൻ ശ്രമിക്കുന്നവർ കോൺഗ്രസിലുണ്ട്. ഏറ്റവും കൂടുതൽ ഈ സെമിനാർ പൊളിയാൻ, അല്ലെങ്കിൽ ഇതിന്റെ ഉദ്ദേശ്യശുദ്ധിയെ തകർക്കാൻ, ഈ സെമിനാറിൽ ആളുകൾ പങ്കെടുക്കാതിരിക്കാൻ തീവ്രമായി നിലപാടെടുത്തിട്ടുള്ളത് കേരളത്തിന്റെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമാണ്.'

''സെമിനാർ പരാജയപ്പെടണമെന്ന് ബിജെപി ആഗ്രഹിക്കുന്നത് മനസിലാക്കാം. എന്നാൽ ജനപങ്കാളിത്തമില്ലാതാക്കാൻ കോൺഗ്രസ് നേതാക്കളാണ് ശ്രമിച്ചത്. സെമിനാറിന്റെ ഉദ്ദേശ്യശുദ്ധിക്കെതിരെ കുപ്രചരണം നടത്തി. ഇതോടെ ബിജെപിയുടെ സ്ലീപിങ് ഏജന്റുമാരാണ് ഇവരെന്ന് സ്വയം തെളിയിച്ചു. ഇവർ കോൺഗ്രസിനെ അപകടത്തിലാക്കും. എല്ലാ വിഭാഗം ആളുകളും സെമിനാറിനോട് ഐക്യപ്പെട്ടു. സെമിനാറിലെ വൻ ജനപങ്കാളിത്തം സിപിഎം നിലപാട് ശരിവയ്ക്കുന്നതാണ്''- മന്ത്രി ചൂണ്ടിക്കാട്ടി.

WEB DESK
Next Story
Share it