മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേരുനൽകും; പ്രഖ്യാപനവുമായി മന്ത്രി എം.ബി രാജേഷ്
പുതുപ്പള്ളിയിൽ പുതുതായി പണികഴിപ്പിക്കുന്ന മിനി സിവിൽ സ്റ്റേഷന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകുമെന്ന് മന്ത്രി എം.ബി രാജേഷ് പ്രഖ്യാപനം നടത്തി. കമ്യൂണിറ്റി ഹാളിന് ഇ.എം.എസ്സിന്റെ പേര് നൽകുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രഖ്യാപനം. ഇ.എം.എസ്സിനെ മാത്രമേ ആദരിക്കാവൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ലെന്ന് മന്ത്രി വ്യക്തമാക്കി.
ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനുമായി ബന്ധപ്പെട്ടിരുന്നു. അദ്ദേഹം വിദേശത്താണെന്നറിഞ്ഞു. അതിനാൽ മിനി സിവിൽ സ്റ്റേഷന് ഉമ്മൻചാണ്ടിയുടെ പേര് നൽകാനുള്ള തീരുമാനം അദ്ദേഹത്തെ അറിയിക്കാൻ കഴിഞ്ഞില്ല. പുതുപ്പള്ളിയിലെ ഇ.എം.എസ് സ്മാരക ഹാളും ഉമ്മൻ ചാണ്ടിയുടെ പേരിൽ നിർമിക്കുന്ന സിവിൽ സ്റ്റേഷനും രാഷ്ട്രീയ സഹിഷ്ണുതയുടെ ഉദാഹരണമായി നിലനിൽക്കും. വിവാദം അനാവശ്യമാണ്- മന്ത്രി പറഞ്ഞു.
പുതുപ്പള്ളി കവലയോടുചേർന്നുള്ള പഞ്ചായത്തുവക സ്ഥലത്തെ കമ്യൂണിറ്റി ഹാളിന് എൽ.ഡി.എഫ്. ഭരണസമിതി ഇ.എം.എസിന്റെ പേര് നൽകാൻ തീരുമാനിച്ചതാണ് വിവാദത്തിനാധാരം. പേരുവിവാദം ഒടുവിൽ ഉപവാസത്തിലെത്തിനിൽക്കുന്നു. യു.ഡി.എഫ്. ഭരിക്കുമ്പോൾ വർഷങ്ങളായി ഉപയോഗശൂന്യമായി കിടന്ന കമ്യൂണിറ്റി ഹാൾ ഇടത് ഭരണസമിതിയെത്തിയപ്പോൾ നവീകരിച്ചു. സാധാരണക്കാർക്ക് വിവാഹംപോലുള്ള ആവശ്യങ്ങൾക്കും സമ്മേളനങ്ങൾക്കുംമറ്റും ഉപയോഗിക്കാവുന്ന രീതിയിലാക്കി. നടന്നുപോലും പോകാൻ പറ്റാതെകിടന്ന വഴി മതിൽകെട്ടി തിരിച്ച് ടാറിട്ടു. നവീകരിച്ച കമ്യൂണിറ്റി ഹാളിന് ഇ.എം.എസിന്റെ പേരുനൽകാനും ഭരണസമിതി തീരുമാനിച്ചു.
രണ്ടുതവണ മുഖ്യമന്ത്രിയും മന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെയായിരുന്ന ഉമ്മൻചാണ്ടിയുടെ പേര് നൽകാത്തത് എന്തുകൊണ്ടെന്നാണ് യു.ഡി.എഫ്. ഉയർത്തുന്ന ചോദ്യം. നാലുപതിറ്റാണ്ടുമുൻപ് ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത ഹാളാണിത്. പുതുപ്പള്ളിയിലെ ഒരു പൊതുസ്ഥാപനത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്നത് ജനവികാരമാണ്. അതിനെ പഞ്ചായത്ത് ഭരണസമിതിയിൽ പ്രസിഡന്റിന്റെ കാസ്റ്റിങ് വോട്ട് വിനിയോഗിച്ച് അട്ടിമറിച്ചു. ജനഹൃദയത്തിലിടം നേടിയ ഉമ്മൻചാണ്ടിയെ അവഹേളിക്കുന്ന നടപടി കേരളമറിയണമെന്നാണ് യു.ഡി.എഫ്. പക്ഷം. കോൺഗ്രസ് പുതുപ്പള്ളി മണ്ഡലം കമ്മിറ്റി തിങ്കളാഴ്ച പുതുപ്പള്ളിയിൽ ഉപവാസസമരത്തിലൂടെ പ്രതിഷേധിച്ചു. പിന്നാലെയാണ് ചൊവ്വാഴ്ച മന്ത്രി എം.ബി. രാജേഷെത്തി കമ്യൂണിറ്റി ഹാളിന് പേരിടൽ നടത്താനെത്തിയത്.