Begin typing your search...

'നിരാശാജനകമായ ഒരു മറുപടിയായിപ്പോയി അങ്ങയുടേത്'; വി ഡി സതീശന് മറുപടിയുമായി എം ബി രാജേഷ്

നിരാശാജനകമായ ഒരു മറുപടിയായിപ്പോയി അങ്ങയുടേത്; വി ഡി സതീശന് മറുപടിയുമായി എം ബി രാജേഷ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രി എം ബി രാജേഷും പ്രതിപക്ഷനേതാവ് വി ഡി സതീശനും തുറന്ന കത്തിലൂടെ പോര് തുടരുന്നു. കത്തിന് വി ഡി സതീശൻ നൽകിയ മറുപടിക്ക് പ്രതികരണവുമായി എം ബി രാജേഷ് വീണ്ടും എത്തിയിരിക്കുകയാണ്. 'ഇത്രയും ഹൃദയച്ചുരുക്കം വേണോ' എന്ന തലക്കെട്ടിലാണ് മന്ത്രി പ്രതിപക്ഷനേതാവിന് മറുപടിയെഴുതിയിരിക്കുന്നത്.

എം ബി രാജേഷിന്റെ മറുപടി

ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവേ,

എന്റെ തുറന്ന കത്തിനുള്ള അങ്ങയുടെ മറുപടി ശ്രദ്ധയോടെ വായിച്ചു. 'അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വിമർശനത്തിന് അതീതരാണ് എന്ന ചിന്ത നല്ലതല്ല'എന്ന അഭിപ്രായത്തോട് ഞാനും പൂർണമായും യോജിക്കുന്നു. വസ്തുതകളുടെ പിൻബലമുള്ള വിമർശനവും കാടടച്ച ആരോപണങ്ങളും തമ്മിലുള്ള വ്യത്യാസം കൂടി ഓർമിപ്പിക്കുന്നു. വിമർശനം വ്യക്തിപരമല്ല എന്ന അങ്ങയുടെ വൈകിവന്ന വെളിപാടിനെയും അഭിനന്ദിക്കുന്നു. ഞാൻ വിമർശനങ്ങളെ വ്യക്തിപരമായി കാണാത്തത് കൊണ്ടാണ് അങ്ങയുടെ പ്രസംഗങ്ങളിലെ പ്രകോപനം ഉണ്ടാക്കാവുന്ന വ്യക്തിപരമായ പരാമർശങ്ങളെ തീർത്തും അവഗണിച്ചുകൊണ്ട് വസ്തുതകളുടെ അടിസ്ഥാനത്തിൽ മാത്രം അങ്ങേക്ക് കത്ത് എഴുതിയത്. ആ തിരിച്ചറിവ് അങ്ങേക്കും ഉണ്ടാക്കാൻ കഴിഞ്ഞതിൽ ഞാൻ കൃതാർത്ഥനാണ്.

പ്രതീക്ഷയോടെയാണ് അങ്ങയുടെ മറുപടിക്ക് കാത്തിരുന്നത്. യോജിപ്പിന്റെ ഒരു മഹാ മാതൃക നമുക്ക് ഇവിടെ സൃഷ്ടിക്കാൻ എന്റെ കത്തിനുള്ള അങ്ങയുടെ മറുപടി വഴിതുറക്കുമെന്ന ശുഭാപ്തി വിശ്വാസമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്. പക്ഷേ നിർഭാഗ്യകരം എന്ന് പറയട്ടെ, അങ്ങനെയൊരു യോജിപ്പിന് നേരേ മനഃസാക്ഷിയില്ലാതെ മുഖംതിരിക്കുന്ന നിരാശാജനകമായ ഒരു മറുപടിയായിപ്പോയി അങ്ങയുടേത്. വളച്ചൊടിക്കലുകൾ,ഒരു വിശ്വാസ്യതയും ഇല്ലാതെ എന്നേ ഒടുങ്ങിയ പഴയ ആരോപണങ്ങളുടെ ആവർത്തനം, അർദ്ധസത്യങ്ങൾ എന്നിവ മാത്രം നിറഞ്ഞതും ക്രിയാത്മകമായ ഒരു പ്രായോഗിക നിർദ്ദേശവും മുന്നോട്ടുവയ്ക്കാൻ ഇല്ലാത്തതുമായി അങ്ങയുടെ മറുപടി ചുരുങ്ങിപ്പോയത് ഖേദകരമാണ്. അങ്ങയുടെചില വളച്ചൊടിക്കലുകൾ ഒട്ടും സത്യസന്ധമായില്ല എന്നു പറയാതെ വയ്യ. എല്ലാം കുറ്റമറ്റതാണെന്ന് സ്ഥാപിക്കാനാണ് ഞാൻ ശ്രമിക്കുന്നത് എന്ന് അങ്ങ് സ്വയം പ്രഖ്യാപിക്കുകയാണ്. 'എല്ലാം പൂർണമാണെന്നല്ല ഈ പറഞ്ഞതിന് അർത്ഥം 'എന്നല്ലേ ഞാൻ പറഞ്ഞത്. ഞാൻ പറഞ്ഞതും അങ്ങ് കേട്ടതും തമ്മിലുള്ള ഈ വലിയ വ്യത്യാസം നിഷ്‌കളങ്കമല്ലല്ലോ.

ഒന്നും നടന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്ന അങ്ങയുടെ മറുപടിയിൽ തന്നെ 'മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾക്ക് അത്തരം ഒരു മാറ്റം ഉണ്ടെങ്കിൽ അത് സ്വാഗതാർഹം തന്നെ' എന്ന് വിമ്മിട്ടത്തോടെ സമ്മതിക്കേണ്ടിവന്നിരിക്കുന്നു. വളരെ സന്തോഷം. പക്ഷേ അങ്ങനെ മാറിയ സ്ഥലങ്ങൾ കാണാൻ ഒരുമിച്ചു പോകാനുള്ള ക്ഷണം സ്വീകരിക്കാൻ കഴിയാത്ത അത്രയും ഹൃദയച്ചുരുക്കം വേണോ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ മുഖ്യമന്ത്രിക്കൊപ്പം ആ മേഖലകൾ സന്ദർശിച്ച മുൻ പ്രതിപക്ഷ നേതാവിന്റെ വിശാല സമീപനം മാതൃകയാക്കിക്കൂടേ എന്റെ കത്തിൽ നിരത്തിയ വസ്തുതകളും കണക്കുകളും ഒന്നും അങ്ങ് മറുപടിയിൽ സ്പർശിച്ചതേയില്ല. ഒരൊറ്റ കണക്കും ചോദ്യം ചെയ്തിട്ടില്ല. അവയൊന്നും സമ്മതിച്ചുതരാനും നിഷേധിക്കാനും കഴിയാത്തതു കൊണ്ടായിരിക്കും ആ മൗനമെന്ന് ഞാൻ മനസ്സിലാക്കുന്നു.പക്ഷേ ഹരിതകർമ്മസേനയെക്കുറിച്ച് ഈ മറുപടിയിലെങ്കിലും രണ്ട് നല്ല വാക്ക് അങ്ങ് പറയും എന്ന് ഞാൻ വെറുതെ വ്യാമോഹിച്ചു. അവരോട് എന്തിനാണ് ഈർഷ്യ ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ ഉറപ്പാക്കാനുള്ള നിയമ ഭേദഗതിയെ ഭരണഘടനയുടെ അനുച്ഛേദം 21 ഉയർത്തി നിയമസഭയിൽ എതിർത്ത മനോഭാവത്തിൽ ഇനിയും മാറ്റം വരുത്തില്ലെന്നാണോ എന്നാണ് ഹരിത കർമ്മസേന, എംസിഎഫ് തുടങ്ങിയ പ്രായോഗിക പരിപാടികൾ ആരംഭിച്ചത് എന്ന് അങ്ങേക്ക് അറിയാമോ2016 വരെ കേരളത്തിൽ യുഡിഎഫ് അധികാരത്തിലിരുന്നപ്പോൾ അങ്ങും എംഎൽഎ ആയിരുന്നില്ലേ യുഡിഎഫ് സർക്കാരുകൾ മാലിന്യം എന്നൊരു പ്രശ്‌നത്തെ എന്നെങ്കിലും കണ്ണുതുറന്നു കണ്ടിട്ടുണ്ടോഎന്നെങ്കിലും ചെറുവിരൽ അനക്കിയിട്ടുണ്ടോ ഹരിത കർമ്മസേനയും വാതിൽപ്പടി മാലിന്യ ശേഖരണവും എം സി എഫുമൊക്കെ ഉണ്ടായത് ഒന്നാം പിണറായി സർക്കാരിൻറെ കാലത്തല്ലേ യുഡിഎഫ് സർക്കാരുകൾ മാലിന്യ പ്രശ്‌നത്തിൽ എന്തു ചെയ്തു എന്നതിനെക്കുറിച്ച് ഒരു അവകാശവാദം പോലും അങ്ങേയ്ക്ക് ഉയർത്താനാവാതിരുന്നത് എന്തുകൊണ്ട്19 ഡംപ് സൈറ്റുകൾ ബയോ മൈനിംഗിലൂടെ മാലിന്യം നീക്കി 124 ഏക്കർ സ്ഥലം വീണ്ടെടുത്തതും ഇപ്പോൾ 38 സൈറ്റുകളിൽ സമാന പ്രവർത്തനം നടക്കുന്നതും എണ്ണി പറഞ്ഞപ്പോൾ യുക്തിസഹമായ ഒരു മറുപടിയും ഇല്ലാതെ, നാടുമുഴുവൻ മാലിന്യ കൂമ്പാരമല്ലേ എന്ന് പതിവുപോലെ സ്വതസിദ്ധമായ ശൈലിയിൽ കാടടച്ചു വെടിവെക്കുകയാണ് അങ്ങ് ചെയ്യുന്നത്. യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്നതിൽ അങ്ങ് ഇത്രയും അധീരനോബ്രഹ്‌മപുരം തീപിടുത്തത്തിന് ശേഷം സർക്കാർ സ്വീകരിച്ച നടപടികളെ ബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞ ഒരു വർഷത്തിനിടയിൽ അഞ്ചു തവണ അഭിനന്ദിക്കുകയും ശരിവെക്കുകയും ചെയ്ത കാര്യം ഞാൻ ചൂണ്ടിക്കാട്ടിയതിൽ അങ്ങ് എന്തിനാണ് അസ്വസ്ഥനാകുന്നത് സർക്കാരിനെ കുറിച്ച് നല്ലത് പറഞ്ഞത് ഹൈക്കോടതിയായാൽ പോലും അംഗീകരിച്ചു തരില്ല എന്നാണോ ബ്രഹ്‌മപുരത്തെ മാറ്റത്തിൽ സന്തോഷിക്കുകയല്ലേ വേണ്ടത് പ്രശ്‌നം പരിഹരിക്കണം എന്നല്ലേ അങ്ങു നിയമസഭയിൽ ആവശ്യപ്പെട്ടത് അതൊരിക്കലും പരിഹരിക്കാൻ ആവില്ലെന്ന ഉറച്ച വിശ്വാസമായിരുന്നോ അങ്ങേയ്ക്ക് ഉണ്ടായിരുന്നത് അതിനു വിപരീതമായി ഇപ്പോൾ ബ്രഹ്‌മപുരം മാറുന്നതിന്റെ ഇച്ഛാഭംഗമാണോ അങ്ങേയ്ക്ക് അങ്ങേക്കും സ്വീകാര്യമായ മലയാളത്തിലെ പ്രമുഖ പത്രങ്ങൾ, അതും സർക്കാരിനെ എതിർക്കുന്നതിൽ മുൻപന്തിയിൽ ഉള്ളവർ, മുഖപ്രസംഗങ്ങളിലൂടെയും മറ്റും മാലിന്യ സംസ്‌കരണത്തിലെ സർക്കാർ ഇടപെടലിനെ പ്രശംസിച്ചതും ഞാൻ വസ്തുത സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. അങ്ങയെപ്പോലെ, ഒന്നും നടക്കുന്നില്ല, സമ്പൂർണ പരാജയമാണ് എന്നൊന്നും അവർ പോലും അടച്ചാക്ഷേപിക്കുന്നില്ല. പക്ഷേ അങ്ങ് മാത്രം ദുർവാശിയോടെ കണ്ണുകൾ ഇറുക്കിയടച്ച് അതൊന്നും കാണാൻ കൂട്ടാക്കാതിരിക്കുകയാണ്.തൃത്താലയിലെ ഒരു പഞ്ചായത്തിൽ യഥാസമയം മാലിന്യം നീക്കുന്നതിൽ ഉണ്ടായ കാലതാമസം ചുണ്ടിക്കാട്ടിയ അങ്ങയുടെ സൂക്ഷ്മ നിരീക്ഷണ പാടവവും അഭിനന്ദനാർഹം തന്നെ. അക്കാര്യം പരിഹരിച്ചതും അറിഞ്ഞു കാണുമല്ലോ. മാലിന്യമുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലം യോഗങ്ങൾ ഇതുവരെ 95 എംഎൽഎമാർ വിളിച്ചുചേർത്തിട്ടുണ്ട്. പറവൂരിലെ യോഗം എത്രയും പെട്ടെന്ന് വിളിച്ചുചേർക്കാൻ ഒരു സമയം കണ്ടെത്തണം എന്നുകൂടി അഭ്യർത്ഥിക്കട്ടെ.തൃത്താലയിൽ എന്റെ വ്യക്തിപരമായ നേതൃത്വത്തിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മൂന്ന് ജനകീയ ഡ്രൈവുകൾ നടത്തുകയും അതിലൂടെ സമാഹരിച്ച 281.12 ടൺ മാലിന്യം ക്ലീൻ കേരള കമ്പനി വഴി നീക്കം ചെയ്യുകയും ഉണ്ടായിട്ടുണ്ട്. ഈ ഓഗസ്റ്റ് മൂന്നു മുതൽ 10 വരെ, മഴയ്ക്ക് ശേഷമുള്ള അടുത്ത ഘട്ടം ശുചീകരണം തൃത്താലയിൽ ആസൂത്രണം ചെയ്തു കഴിഞ്ഞു. പറവൂരിൽ അങ്ങ് എന്ത് ചെയ്തു എന്നൊന്നും പറഞ്ഞു കണ്ടില്ല.മഴക്കാലപൂർവ്വ ശുചീകരണം സംബന്ധിച്ച് വിശദമായ കണക്കുകൾ പറഞ്ഞിട്ടും അങ്ങ് ആരോപണങ്ങൾ ആവർത്തിക്കുകയാണ്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ചും ക്യാരിബാഗുകളുടെ ഉപയോഗം പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് യാഥാർത്ഥ്യമാണ്. പ്രതിപക്ഷ നേതാവിന്റെ വിമർശനം കൂടി പരിഗണിച്ച് ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും. അവസാനമായി, കൊച്ചിയിൽ ഒരു മണിക്കൂറിൽ 103 മില്ലിമീറ്റർ അതിതീവ്ര മഴ പെയ്തപ്പോൾ ഉണ്ടായ വെള്ളക്കെട്ടിനെ കുറിച്ചുള്ള കുറ്റപ്പെടുത്തലിൽ അങ്ങയുടെ, യാഥാർത്ഥ്യം കാണാൻ കൂട്ടാക്കാത്ത മനോഭാവം മുഴുവൻ അടങ്ങിയിട്ടുണ്ട്. അതിതീവ്ര മഴയൊക്കെ പെയ്താൽ ദുബായിൽ പോലും വെള്ളം കയറുമെന്ന് നാം ഏതാനും മാസം മുമ്പ് കണ്ടതാണ്.കൊച്ചിയിലെ അതിതീവ്രമഴ മേഘവിസ്‌ഫോടനം മൂലം ആയിരുന്നല്ലോ.

പക്ഷേ മേഘവിസ്‌ഫോടനം അല്ല, ആകാശം തന്നെ ഇടിഞ്ഞുവീണാലും താൻ അറിഞ്ഞ ഭാവം നടിക്കില്ല എന്നും സർക്കാർ വിരുദ്ധ പല്ലവി തന്നെ ഉരുവിട്ടുകൊണ്ടിരിക്കും എന്നുമുള്ള മനോഭാവമാണ് അങ്ങേക്ക്. കർണാടകയിൽ മണ്ണിടിഞ്ഞ് അർജുൻ എന്ന ചെറുപ്പക്കാരനെ കാണാതായിട്ട് ഇന്നേക്ക് ആറ് ദിവസം ആവുകയാണ്. അങ്ങ് ചെയ്തത് എന്താണ്കർണാടകയുടെ അലംഭാവത്തെ കണ്ണിൽ ചോരയില്ലാതെ ന്യായീകരിക്കുകയല്ലേ തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ജോയി ഓടയിൽ വീണപ്പോൾ റെയിൽവേയെ തൊടാതെ കേരള സർക്കാരിനെതിരെ ഒട്ടും സമയം കളയാതെ ചാടിവീണ അങ്ങ് തന്നെയാണ് ഒരാഴ്ച കഴിയും മുമ്പ് കർണാടകയെ ന്യായീകരിക്കുന്നത്. രാഷ്ട്രീയം മാത്രം നോക്കി എന്തിനെയും ന്യായീകരിക്കുകയും എതിർക്കുകയും ചെയ്യുന്നതാണ് പ്രതിപക്ഷ നേതാവിന് വേണ്ട യോഗ്യതയെന്ന് അങ്ങ് കരുതുന്നുവെങ്കിൽ അങ്ങയെ തിരുത്താൻ എനിക്കാവില്ല.മാലിന്യ സംസ്‌കരണത്തിൽ എല്ലാം പൂർണമാണെന്നേയല്ല അവകാശവാദം. ഒട്ടേറെ കാര്യങ്ങൾ നടന്നു. ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. ലക്ഷ്യം നേടാൻ ഇനിയും ഏറെ ദൂരം സഞ്ചരിക്കാനുണ്ട്. കഴമ്പുള്ള വിമർശനങ്ങളോട് ആദരവ് മാത്രമേയുള്ളൂ. കഥയില്ലാത്ത കുറ്റപ്പെടുത്തലുകളോട് അതൊട്ടില്ലതാനും.അർത്ഥവത്തായ ആശയങ്ങൾ ഉണ്ടെങ്കിൽ സംവാദമാകാം. രാഷ്ട്രീയ ജല്പനങ്ങൾക്ക് ചെവികൊടുക്കാനില്ല. അങ്ങയുടെ നിരാശാജനകമായ മറുപടിക്കു ശേഷവും കേരളത്തിലെ പ്രതിപക്ഷവും അതിൻറെ ബഹുമാന്യനായ നേതാവും സ്വയം കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽ നിന്ന് പുറത്തു വരുമെന്നും ഇക്കാര്യത്തിലെങ്കിലും പൊതു താൽപര്യം ഉയർത്തിപ്പിടിക്കുമെന്നുമുള്ള ഒരു വിദൂര പ്രതീക്ഷ വെച്ചുപുലർത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്.

WEB DESK
Next Story
Share it