മാത്യു കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കിനൽകി
കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എയുടെ ചിന്നക്കനാലിലെ റിസോർട്ടിന് ലൈസൻസ് പുതുക്കിനൽകി. ഹോം സ്റ്റേ ലൈസൻസാണ് ചിന്നക്കനാൽ പഞ്ചായത്ത് നൽകിയത്. ഡിസംബർ 31 വരെയാണ് ലൈസൻസുള്ളത്. റിസോർട്ടിന് നിലവിൽ ഹോം സ്റ്റേ ലൈസൻസ് ആണ് ഉണ്ടായിരുന്നതെന്ന് പഞ്ചായത്ത് വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാർച്ച് 31ന് ലൈസൻസ് കാലാവധി കഴിഞ്ഞിരുന്നു. ഇതേടുർന്ന് അഞ്ചു വർഷത്തേക്കാണ് മാത്യു ലൈസൻസ് അപേക്ഷ നൽകിയിരുന്നത്.
പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ എൻ.ഒ.സിയും ഉൾപ്പെടെ രേഖകൾ ഹാജരാക്കണമെന്ന് നേരത്തെ അധികൃതർ മാത്യു കുഴൽനാടനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ഈ വർഷം ഡിസംബർ 31 വരെയുള്ള രേഖകളാണ് അദ്ദേഹം സമർപ്പിച്ചിരുന്നത്.
മാസപ്പടി വിവാദത്തിൽ സി.പി.എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയ മാത്യുവിനെതിരെ റിസോർട്ടും നിയമലംഘനങ്ങളും ആയുധമാക്കിയാണ് പാർട്ടി തിരിച്ചടിച്ചത്. ഹോം സ്റ്റേ ലൈസൻസ് ലഭിച്ചതോടെ അദ്ദേഹത്തിന് നികുതിയിളവ് ലഭിക്കും.