ഒളിക്യാമറയിൽ നഗ്‌നദൃശ്യം പകർത്തിയ കേസ്; പ്രതി പിടിയിലായത് പൊലീസ് ക്വാർട്ടേഴ്സിൽനിന്ന്
തിരുവല്ല മുത്തൂരിൽ ഒളിക്യാമറ വച്ച് സ്ത്രീകളുടെ നഗ്‌നദൃശ്യം പകർത്തിയ കേസിൽ പ്രതി പിടിയിൽ. മുത്തൂർ സ്വദേശി പ്രിനു (30) ആണ് പിടിയിലായത്. സംഭവം പുറത്തുവന്നതിനു പിന്നാലെ ഒളിവിൽ പോയ ഇയാളെ, സഹോദരിയുടെ ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥന്റെ ചങ്ങനാശേരിയിലെ ക്വാർട്ടേഴ്‌സിൽനിന്നാണ് പിടികൂടിയത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ച അരുൺ ബാബു എന്ന പൊലീസ് ഉദ്യോഗസ്ഥനെയും കേസിൽ പ്രതിചേർത്തു. പ്രിനുവിനെ കോടതിയിൽ ഹാജരാക്കി.
മുത്തൂർ സ്വദേശികളായ കുടുംബത്തിന്റെ വീട്ടിലെ ശുചിമുറിയിലും പുറത്തും ഒളിക്യാമറ വച്ചാണ് ഇയാൾ നഗ്നദൃശ്യം പകർത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മൂന്നു പേരുടെ നഗ്ന ദൃശ്യങ്ങളാണ് പകർത്തിയത്. ഇതിനായി അത്ര പെട്ടെന്ന് ശ്രദ്ധയിൽപ്പെടാത്ത പെൻ ക്യാമറയാണ് ഉപയോഗിച്ചിരുന്നത്. ഇക്കഴിഞ്ഞ ഡിസംബർ 16-ാം തീയതി ഒളിച്ചിരുന്ന് ദൃശ്യങ്ങൾ പകർത്തുന്നതിനിടെ ഒളിക്യാമറ ശുചിമുറിയിലേക്കു വീഴുകയായിരുന്നു. വീട്ടുകാർ പെൻക്യാമറയിലെ മെമ്മറി കാർഡ് പരിശോധിച്ചപ്പോഴാണ് ഇയാൾ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയിരുന്ന കാര്യം പുറത്തായത്.
സംഭവം പുറത്തറിഞ്ഞതോടെ ഒളിവിൽ പോയ ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സഹോദരിയും പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവും ചേർന്നാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഇക്കഴിഞ്ഞ ഫെബ്രുവരി നാലു മുതൽ സഹോദരിക്കും സഹോദരീഭർത്താവിനുമൊപ്പം ചങ്ങനാശേരിയിലുള്ള ഇവരുടെ പൊലീസ് ക്വാർട്ടേഴ്‌സിൽ ഒളിവിൽ കഴിയുകയായിരുന്നു. അവിടെവച്ചാണ് പിടിയിലായത്.