തലശ്ശേരിയിൽ വിവാഹമോചന പരാതിയുമായി എത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന് കേസ്; അഭിഭാഷകർ അറസ്റ്റിൽ
വിവാഹമോചന പരാതിയുമായി ഓഫീസിലെത്തിയ സ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ രണ്ട് അഭിഭാഷകർ അറസ്റ്റിലായി. തലശ്ശേരി ജില്ലാ കോടതിയിലെ അഭിഭാഷകനും മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ. എം.ജെ.ജോൺസൺ, അഡ്വ. കെ.കെ.ഫിലിപ്പ് എന്നിവരാണ് അറസ്റ്റിലായത്.
2023-ൽ അഭിഭാഷകർ ഓഫീസിലും വീട്ടിലുംവച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. തലശ്ശേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് മുൻപാകെ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ 2023 ഒക്ടോബർ 18-ന് ഇരുവർക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞവർഷം ഡിസംബർ ഒന്നിന് സുപ്രീംകോടതി മുൻകൂർ ജാമ്യം റദ്ദാക്കി. മുൻകൂർ ജാമ്യാപേക്ഷ റദ്ദാക്കിയിട്ടും ഇരുവരെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ ഇരയായ സ്ത്രീ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു.
ഹർജി കഴിഞ്ഞദിവസം പരിഗണിച്ച സുപ്രീംകോടതി നാലാഴ്ചത്തേക്ക് മാറ്റി. ഇതിനിടയിലാണ് ഇരുവരെയും വിളിച്ചുവരുത്തി അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി എ.എസ്.പി.യായിരുന്ന അരുൺ കെ.പവിത്രൻ അറസ്റ്റ് ചെയ്തത്.