മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച് ഇഎംഎസ് എന്താണ് പറഞ്ഞതെന്ന് ജലീൽ പഠിക്കണം; നിരവധി സംഘടനകളെ ഒറ്റിയെന്ന് നജീബ്
കെ.ടി ജലീൽ സിമി ആയിരുന്നെന്നും, നിരവധി സംഘടനകളെ ഒറ്റിയ ആളാണെന്നും നജീബ് കാന്തപുരം. ഭാവിയിൽ ജലീൽ സിപിഎമ്മിനേയും ഒറ്റും. സി.എച്ചിനെ മാത്രം വായിച്ചാൽ പോരാ, ഇഎംഎസിനെയും ജലീൽ വായിക്കണം. മലപ്പുറം ജില്ലാ രൂപീകരണത്തെക്കുറിച്ച് ഇഎംഎസ് എന്താണ് പറഞ്ഞതെന്ന് ജലീൽ പഠിക്കണമെന്നും നജീബ് വിമർശിച്ചു.
തൃശൂർ മണ്ഡലം തന്നെ പിണറായി ബിജെപിക്ക് മറിച്ചുകൊടുത്തു. ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കികൊടുക്കാൻ മലയാളികളുടെ വിശ്വാസത്തെയാണ് സിപിഎം അട്ടിമറിച്ചത്. ഏത് തരത്തിലുള്ള വർഗീയതയും ഉപയോഗിക്കാൻ സിപിഎം ശ്രമിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകൾക്ക് ഇടയിലൂടെ നടന്ന കഥ പറയുമ്പോൾ തങ്ങൾക്കും അഭിമാനമുണ്ട്. അന്ന് കേരളം ഭരിച്ചത് കോൺഗ്രസ് ആയിരുന്നു. സിപിഎമ്മിന്റെ വാല് ബിജെപിയുടെ അമ്മിക്കല്ലിന് അടിയിലാണെന്നും നജീബ് പരിഹസിച്ചു.
തുടർന്ന് പാർട്ടിയേയും സമുദായത്തേയും വിറ്റു കാശാക്കാൻ നോക്കിയപ്പോഴാണ് താൻ അതിനെ എതിർത്തതെന്നും, അങ്ങനെ ഒറ്റുകാരനാവുകയാണെങ്കിൽ ഇനിയും ഒറ്റുമെന്നും ജലീൽ തിരിച്ചടിച്ചു. കഴിഞ്ഞദിവസം പി.കെ ബഷീറുമായും ജലീൽ നിയമസഭയിൽ വാക്പോര് നടത്തിയിരുന്നു. 'ഞാൻ സി.എച്ച് മുഹമ്മദ് കോയയുടെ എല്ലാ ലേഖനങ്ങളും പ്രസംഗങ്ങളും വായിച്ചിട്ടുണ്ട്. പി.കെ ബഷീർ വായിച്ചിട്ടേ ഉണ്ടാവില്ല ഒന്നും...'' എന്ന ജലീലിന്റെ പരാമർശമാണ് ബഷീറിനെ ചൊടിപ്പിച്ചത്.
'പി.കെ ബഷീർ വായിച്ചോ, പി.കെ ബഷീർ വായിച്ചില്ലേ എന്ന് പറയാൻ ഇവനാരാ എരപ്പൻ...'' എന്നായിരുന്നു ക്ഷുഭിതനായ ബഷീറിന്റെ പ്രതികരണം. പ്രതിപക്ഷം ഒറ്റക്കെട്ടായി പ്രതിഷേധവുമായി എഴുന്നേറ്റതോടെ വ്യക്തിപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് സ്പീക്കർ ജലീലിനോട് നിർദേശിച്ചു. പി.കെ ബഷീർ വീണ്ടും ക്ഷുഭിതനായി പ്രതികരിച്ചതോടെ തനിക്ക് ബഷീറിൽനിന്ന് പ്രൊട്ടക്ഷൻ വേണമെന്നായി ജലീൽ