Begin typing your search...

'കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല'; കെ.ടി.ജലീൽ

കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല; കെ.ടി.ജലീൽ
X
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo
 • Whatsapp
 • Telegram
 • Linkedin
 • Print
 • koo

തട്ടം വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതു കൊണ്ടാണെന്ന സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവനയ്ക്കെതിരെ മുൻ മന്ത്രി കെ.ടി.ജലീൽ എംഎൽഎ. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ലെന്നും കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ലെന്നും ജലീൽ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തുമെന്നും ജലീൽ വിമർശിച്ചു.

കുറിപ്പിന്റെ പൂർണരൂപം

വ്യക്തിപരമായ അഭിപ്രായം പാർട്ടിയുടേതാക്കി അവതരിപ്പിക്കുന്നതു തെറ്റിദ്ധാരണയ്ക്ക് ഇടവരുത്തും. തട്ടമിടാത്തതു പുരോഗമനത്തിന്റെ അടയാളമേ അല്ല. കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ ഒരു മുസ്ലിം പെൺകുട്ടിയെയും തട്ടമിടാത്തവളാക്കി മാറ്റിയിട്ടില്ല. പർദ്ദയിട്ട മുസ്ലിം സഹോദരിയെ വർഷങ്ങളായി തിരുവനന്തപുരം കോർപ്പറേഷനിൽ കൗൺസിലറാക്കിയ പാർട്ടിയാണ് സിപിഎം. സ്വതന്ത്രചിന്ത എന്നാൽ തട്ടമിടാതിരിക്കലാണെന്ന് ആരെങ്കിലും തെറ്റിദ്ധരിച്ചതിനെ പഴിചാരി കമ്യൂണിസ്റ്റ് പാർട്ടിയെ പ്രതിക്കൂട്ടിലാക്കാൻ ആരും ശ്രമിക്കേണ്ട.

ഒരു വ്യക്തിയുടെ അബദ്ധം ഒരു പാർട്ടിയുടെ തീരുമാനമാക്കി അവതരിപ്പിക്കാൻ ശ്രമിക്കുന്നത് തികഞ്ഞ വിവരക്കേടാണ്. കാളപെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന പ്രവണത ശരിയല്ല. ലീഗ് നേതാവ് അബ്ദുറഹിമാൻ കല്ലായി മന്ത്രി റിയാസിനെ കുറിച്ച് ആക്രോശിച്ച ജൽപ്പനങ്ങൾ മുസ്ലിം ലീഗിന്റെ നിലപാടല്ലാത്തത് പോലെ, മന്ത്രി വീണാ ജോർജിനെതിരെ കെ.എം.ഷാജി ഉപയോഗിച്ച സംസ്‌കാരശൂന്യ വാക്കുകൾ ലീഗിന്റെ നയമല്ലാത്തത് പോലെ, അഡ്വ. അനിൽകുമാറിന്റെ അഭിപ്രായം സിപിഎമ്മിന്റേതുമല്ലെന്നു തിരിച്ചറിയാൻ വിവേകമുള്ളവർക്കാവണം.

കേരളത്തിലെ 26% വരുന്ന മുസ്ലിം സമൂഹത്തെ കുറിച്ച് അത്യാവശ്യത്തിന് പോലുമുള്ള അറിവ് വലിയൊരു ശതമാനം പൊതുപ്രവർത്തകർക്കും സാഹിത്യ-കലാ -സാംസ്‌കാരിക നായകർക്കും പത്രമാധ്യമ പ്രവർത്തകർക്കും മത-സാമുദായിക നേതാക്കൾക്കുമില്ലെന്നത് വസ്തുതയാണ്. അതുകൊണ്ടാണ് ഇത്തരത്തിലുള്ള പിശകുകൾ പലപ്പോഴും സംഭവിക്കുന്നത്. അവർ ഏത് രാഷ്ട്രീയ ചേരിയിൽ പെട്ടവരാണെങ്കിലും ശരി.

ഒരു ജനവിഭാഗത്തിന്റെ വൈകാരിക പ്രശ്‌നങ്ങളിലും ശരിയായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലല്ലാതെ രാഷ്ട്രീയ നേതാക്കളും പൊതുപ്രവർത്തകരും പ്രതികരിക്കരുത്. സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ തന്റെ നിരീക്ഷണങ്ങൾ താൻ പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടേതാണെന്ന് വ്യംഗ്യമായിപ്പോലും സൂചിപ്പിക്കുന്ന അഭിപ്രായപ്രകടനങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കണം. അല്ലെങ്കിൽ വർഗ്ഗീയ മനോഭാവമുള്ളവരും രാഷ്ടീയ വൈരികളും വ്യാപകമായി ദുരുപയോഗം ചെയ്യും.

എന്റെ സുഹൃത്തും സിപിഎം ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം.ആരിഫ് എംപിയുടെ വന്ദ്യമാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിനു നേതൃത്വം നൽകിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം. ബഹുജന പാർട്ടിയാണ് സിപിഎം. അത് മറന്ന് ചില തൽപരകക്ഷികൾ അഡ്വ. അനിൽകുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സിപിഎമ്മിന്റേതാണെന്നു വരുത്തിത്തീർത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയിൽ പ്രചരിപ്പിക്കുന്നത് മാന്യതയ്ക്കു ചേർന്നതല്ല.

ഞങ്ങളുടെ മകൾ സുമയ്യ ബീഗം എംബിബിഎസ് പൂർത്തിയാക്കി ഡോക്ടറായി. ആൻഡമാനിലെ പോർട്ട്ബ്ലയറിലെ കേന്ദ്രസർക്കാർ മെഡിക്കൽ കോളജിലാണ് അവൾ പഠിച്ചത്. നല്ല മാർക്കോടെ വിജയിച്ചു. ഞാനും ഭാര്യയും സുമയ്യയെ കൂട്ടാനും, 2017 ബാച്ചിന്റെ 'ഫെയർവെൽ സെറിമണി'യിൽ പങ്കെടുക്കാനുമാണ് പോർട്ട്ബ്ലയറിൽ എത്തിയത്. ചടങ്ങിൽ സ്വാഗതം പറഞ്ഞത് സുമയ്യയാണ്. തട്ടമിട്ട അവൾ പുരോഗമന ചിന്തയിൽ ഒട്ടും പിന്നിലല്ല. വിദ്യാഭ്യാസമുള്ള തട്ടമിട്ട തലമുറയാണ് മലപ്പുറത്തെ പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത്.

WEB DESK
Next Story
Share it