വിദ്യാർഥികൾക്കുള്ള കൺസെഷന് സ്‌കൂളിൽനിന്ന് പണമടയ്ക്കാം; കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നേരിട്ട് എത്തേണ്ട
കെ.എസ്.ആർ.ടി.സി ബസിലെ വിദ്യാർഥി യാത്രാ ആനുകൂല്യത്തിന് വിദ്യാലയങ്ങൾ വഴി ഓൺലൈനായി ഇനി പണമടയ്ക്കാം. കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നേരിട്ട് എത്തേണ്ടതില്ല. കൺസെഷൻ കാർഡ് വിദ്യാലയങ്ങളിൽ വിതരണം ചെയ്യുന്ന വിധത്തിൽ സംവിധാനം പരിഷ്‌കരിച്ചു. അംഗീകാരമുള്ള സ്ഥാപനങ്ങളെല്ലാം കെ.എസ്. ആർ.ടി.സിയുടെ വെബ്‌സൈറ്റിൽ രജിസ്ട്രർ ചെയ്യണം. വിദ്യാലയങ്ങൾ നൽകുന്ന പട്ടിക കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥർ പരിശോധിച്ച് കൺസെഷന് അംഗീകാരം നൽകും.
ഈ പട്ടികയിൽപെട്ടവർക്ക് വിദ്യാലയങ്ങൾ വഴി ഓൺലൈനായി പണം അടയ്ക്കാം. ഭാവിയിൽ കൺസെഷൻ കാർഡുകൾ ആർ.എഫ്.ഐ.ഡി സംവിധാനത്തിലേക്ക് മാറും. അക്കാദമിക് കലണ്ടർ അനുസരിച്ച് മാത്രമേ യാത്രാസൗജന്യം ലഭിക്കുകയുള്ളൂ. ഒരോ സ്ഥാപനങ്ങളും അവരുടെ അധ്യയന ദിനങ്ങളുടെ വിവരങ്ങൾ നൽകണം. ഇത് അനുസരിച്ച് മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. യാത്രാ ആനുകൂല്യം സംബന്ധിച്ചുള്ള തർക്കം ഒഴിവാക്കാനാകും.
https://www.concessionskrtc.com എന്ന വെബ്‌സൈറ്റിൽ School Student Regitsration/College student regitsration എന്ന ടാബിൽ രേഖകൾ അപ്ലോഡ് ചെയ്യണം. സ്‌കൂൾ- കോളേജ് തിരിച്ചറിയിൽ കാർഡ്, ആധാർ പകർപ്പ്, റേഷൻ കാർഡ്, സ്വകാര്യ, സ്വാശ്രയ, കോളേജുകളിൽ പഠിക്കുന്നവർ ദാരിദ്ര രേഖയ്ക്ക് മുകളിലാണെങ്കിൽ മാതാപിതാക്കൾ ആദായ നികുതി അടയ്ക്കുന്നില്ലെന്ന സത്യവാങ്മൂലം, പാൻ കാർഡിന്റെ പകർപ്പ്, പ്ലസ്ടുവിന് മുകളിലുള്ളവർ കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവയാണ് നൽകേണ്ടത്.
രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ മൊബൈൽ നമ്പരിൽ സന്ദേശം ലഭിക്കും. ഡിപ്പോയിലെ പരിശോധനയ്ക്ക് ശേഷം കൺസെഷന് അംഗീകാരം ലഭിക്കും. ഇത് സംബന്ധിച്ച് മൊബൈലിൽ സന്ദേശം കിട്ടിയശേഷം സ്‌കൂൾവഴി ഓൺലൈനിൽ കൺസെഷൻതുക അടയ്ക്കാം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂൺ രണ്ടിന് മുമ്പ് https://www.concessionskrtc.com എന്ന വെബ്‌സൈറ്റിൽ School Regitsration/College regitsration ൽ വിവരങ്ങൾ നൽകണം. സ്ഥാപനത്തിന്റെയും കോഴ്‌സുകളുടെയും അംഗീകാരപത്രം ഹാജരാക്കണം.