കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യന് സസ്‌പെൻഷൻ; ഗൂഢാലോചനയാണെന്ന് ആക്ഷേപം
കെപിസിസി അംഗം കെ വി സുബ്രഹ്‌മണ്യനെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തു. സംഘടനാവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. തനിക്കെതിരായ നടപടി ഗൂഢാലോചനയാണെന്നും ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങിയാണ് കെപിസിസി പ്രസിഡന്റിന്റെ തീരുമാനമെന്നും സുബ്രഹ്‌മണ്യൻ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവനെതിരെ കെ വി സുബ്രഹ്‌മണ്യൻ പ്രവർത്തിച്ചെന്ന് ആരോപണമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന കെപിസിസി നേതൃയോഗത്തിൽ എം കെ രാഘവൻ സുബ്രഹ്ണ്യനെതിരെ പരാതി ഉന്നിയിച്ചിരുന്നു. തുടർന്ന് ഡിസിസി അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിൻമേലാണ് നടപടി. നേരത്തെ പാർട്ടിയിൽ നിന്ന് നടപടിക്ക് വിധേയനായ ചേവായൂർ ബാങ്ക് ഭരണസമിതി അധ്യക്ഷൻ പ്രശാന്തിനൊപ്പം വാർത്താസമ്മേളനം നടത്തിയും കടുത്ത അച്ചടക്കലംഘനമെന്നാണ് കണ്ടെത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വാർത്താസമ്മേളനം വിളിച്ച് കെ വി സുബ്രഹ്‌മണ്യൻ രാജി പ്രഖ്യാപിച്ചിരുന്നു. ഇതും നേതൃത്വം അംഗീകരിച്ചു. അതേസമയം കെപിസിസി അധ്യക്ഷൻ, കോഴിക്കോട് ഡിസിസി പ്രസിഡന്റ് എന്നിവർ ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് തനിക്കെതിരായ നടപടിയെന്നാണ് കെ വി സുബ്രഹ്‌മണ്യന്റെ ആരോപണം. നേതാക്കൾക്ക് രൂക്ഷമായ ഭാഷയിൽ വിമർശനം.