കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം കൈമാറി കെപിസിസി
വയനാട് മാനന്തവാടിയിൽ കാട്ടാന ബേലൂർ മഖ്‌നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കെപിസിസി സഹായധനം കൈമാറി. 15 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയെന്നു ഡിസിസി പ്രസിഡന്റ് എൻ.ഡി.അപ്പച്ചൻ പറഞ്ഞു. കർണാടക സർക്കാർ അനുവദിച്ച 15 ലക്ഷം രൂപ കുടുംബം നിഷേധിച്ചതിനു പിന്നാലെയാണ് കെപിസിസി തുക നൽകുമെന്ന് അറിയിച്ചത്. ജനുവരി മാസം 10നാണു റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന പനച്ചിയിൽ അജീഷിനെ ചവിട്ടി കൊലപ്പെടുത്തിയത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു.
രാവിലെ പണിക്കാരെ കൂട്ടാനായി പോയ അജീഷ് ആനയെ കണ്ടതോടെ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ വീട്ടിൽ കുട്ടികൾ അടക്കം നാലുപേരുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടെങ്കിലും പിന്നാലെ പാഞ്ഞെത്തിയ കാട്ടാനയിൽനിന്നും അജീഷിന് ഓടിമാറാൻ കഴിഞ്ഞില്ല. കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ചു കാടുകയറ്റിയ ആനയാണു ജനവാസമേഖലയിലെത്തി ഒരാളുടെ ജീവൻ എടുത്തത്. പിന്നാലെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.