പുരുഷാധിപത്യം സിനിമാമേഖലയിൽ മാത്രമല്ല; സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ട്: കൊല്ലം തുളസി
സിനിമയെന്ന വലിയ വ്യവസായത്തെയാണ് ആരോപണങ്ങളിലൂടെ ചിലർ തകർക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കി നടൻ കൊല്ലം തുളസി. പുരുഷാധിപത്യം സിനിമാമേഖലയിൽ മാത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ടെന്നും കൊല്ലം തുളസി വ്യക്തമാക്കി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്.
'സിനിമയിൽ വലിയ പ്രശ്നങ്ങളൊന്നും നടന്നിട്ടില്ല. രാജ്യദ്രോഹക്കുറ്റമോ കൊലപാതക കുറ്റമോ അങ്ങനെ ഒന്നും ഇവിടെ നടന്നിട്ടില്ല. പത്ത് വർഷങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങളാണ് ഇപ്പോൾ പരാതിയായി പുറത്തേക്ക് വന്നിരിക്കുന്നത്. ഇത് സിനിമാലോകത്ത് സംഭവിച്ചിരിക്കുന്ന ഒരു കോളിളക്കമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. സ്ത്രീകൾക്ക് സിനിമാരംഗത്ത് മാത്രമല്ല പരിഗണനയുടെ കുറവുളളത്. അത് അംഗീകരിക്കുന്നു. ലോകത്തെല്ലായിടത്തും ഇത് സംഭവിക്കുന്നുണ്ട്.
സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷൻമാർ എല്ലായിടത്തുമുണ്ട്. ഹേമാകമ്മിറ്റി റിപ്പോർട്ടിലും അതല്ലേ കണ്ടത്. സിദ്ദിഖ് കുറ്റക്കാരനാണെന്ന് പറയപ്പെടുന്നതേയുളളൂ. അത് ഇതുവരെയായിട്ടും തെളിയിക്കപ്പെട്ടിട്ടില്ല.ഹോട്ടലിലേക്ക് പരാതിക്കാരി അച്ഛനും അമ്മയുമൊത്താണ് എത്തിയത്. സിദ്ദിഖ് സിനിമയെക്കുറിച്ച് ചർച്ച ചെയ്യാൻ മുറിയിലേക്ക് വിളിച്ചുവരുത്തി എന്നാണല്ലോ മൊഴി നൽകിയിരിക്കുന്നത്. ഉത്തരവാദിത്തമുളള മാതാപിതാക്കൾ എന്തുകൊണ്ട് ആ പെൺകുട്ടിയോടൊപ്പം സിദ്ദിഖിന്റെ മുറിയിലേക്ക് പോയില്ല? അത് ശരിയാണോ? അതിൽ തന്നെ എന്തൊക്കെയോ കാര്യങ്ങൾ ഉണ്ടല്ലോ? ഇത്തരത്തിലുളള കാര്യങ്ങൾ കാണാതെ പോകരുത്.
സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങളെ ന്യായീകരിക്കുന്ന ഒരു വ്യക്തിയല്ല ഞാൻ. സിദ്ദിഖിന്റെ മുറിയിൽ നടി പോകുന്നതുവരെ തെളിവുകളുണ്ട്. ബാക്കിയൊന്നും തെളിയിക്കപ്പെട്ടിട്ടില്ല. സ്ത്രീകൾ പറയുന്നത് നടപ്പാക്കണമെന്ന ഒരു രീതിയിലാണ് ഇപ്പോൾ നമ്മുടെ സമൂഹം കടന്നുപോകുന്നത്. ഇതിലൂടെ വലിയ ഒരു വ്യവസായത്തെയാണ് തകർക്കുന്നത്. ഇതെന്താ ആരും മനസിലാക്കാത്തത്.
സിനിമാമേഖലയിലെ സ്ത്രീകളുടെ പലവിധത്തിലുളള ആവശ്യങ്ങൾ പഠിക്കുന്നതിനാണ് സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിച്ചിട്ട് അഞ്ച് വർഷത്തിൽ കൂടുതലായി. എന്നിട്ട് നടിമാരുടെ പരാതികൾ ഇപ്പോഴാണ് പുറത്തുവന്നത്. അത് വലിയ ഒരു ദ്രോഹമല്ലേ? ഇതിനാരും മറുപടി കൊടുത്തിട്ടില്ല. പുരുഷൻമാർ ചെയ്തത് ക്രൂരതയല്ലെന്ന് തോന്നിയത് കൊണ്ടായിരിക്കും. ഇതുവരെയായിട്ടും ആരും ഇത്തരത്തിൽ പരാതി പറഞ്ഞിട്ടില്ലല്ലോ. അപ്പോൾ പഴയകാലത്ത് അഭിനയിച്ചവരെല്ലാം മോശക്കാരാക്കുകയാണല്ലോ.
മുഖ്യധാരയിൽ നിൽക്കുന്ന ഏതെങ്കിലും നടിമാർ ഇത്തരത്തിലുളള ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടോ?ഡബ്യൂ സി സിയിൽ ഉളള ആരെങ്കിലും പരാതിയുമായി രംഗത്ത് വന്നോ. അപ്പോൾ ഇതുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാൾ ചില ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അതിനുപിന്നിൽ ഒരു ലക്ഷ്യമുണ്ട്. അത് ക്രൂരമാണ്. ഇപ്പോൾ ഏഴ് പേരാണ് ലൈംഗികാതിക്രമം നടത്തിയെന്ന് അവർ പറഞ്ഞിരിക്കുന്നത്. ഇനി കൂടുതൽ ആളുകളുടെ പേര് പുറത്തുവന്നേക്കാം. ചിലപ്പോൾ വലിയ പ്രൊഡക്ഷൻ കൺട്രോളറിന്റെയോ വലിയ നടൻമാരുടെയോ അല്ലെങ്കിൽ എന്റെ പേരോ വിളിച്ച് പറഞ്ഞാലോ.
യഥാർത്ഥത്തിൽ പുരുഷൻമാരല്ലേ പരാതി കൊടുക്കേണ്ടത്. മലയാള സിനിമയിൽ മാത്രമാണ് ഇത്തരത്തിലുളള പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത് എന്ന് തോന്നുന്നോ. എല്ലാ മേഖലയിലും പുരുഷാധിപത്യമുണ്ട്. ജഡ്ജിമാരിൽ കൂടുതലും പുരുഷൻമാരാണ്. രാഷ്ട്രീയ പാർട്ടികളിലും അങ്ങനെയല്ലേ. സിനിമയിലുളളവരെക്കുറിച്ച് എന്തും പറയാമെന്ന് ഒരു തെറ്റായ പ്രവണത നമ്മുടെ സമൂഹത്തിൽ വളർന്നുകൊണ്ടിരിക്കുകയാണ്.
വയനാട് ദുരന്തത്തിനുപോലും ഇത്രയും പ്രാധാന്യം കൊടുത്തിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്. വയനാടിനായി കോടികണക്കിന് രൂപയുടെ സഹായമല്ലേ അഭിനേതാക്കൾ ചെയ്തത്. അതെല്ലാം മറന്നില്ലേ. ഇതൊന്നും ശരിയല്ല. അമ്മയെ തകർക്കാനുളള ശ്രമമാണ് നടക്കുന്നത്. വാതിലിൽ മുട്ടി എന്ന പ്രയോഗം അടുത്തിടെയാണ് കേട്ടത്. തെറ്റായ ഉദ്ദേശത്തോടെയാണ് ഒരാൾ വാതിലിൽ മുട്ടുന്നതെന്ന് അകത്തിരിക്കുന്ന സ്ത്രീ എങ്ങനെയാണ് മനസിലാക്കിയത്. എന്റെ വാതിലിൽ ഒരു സ്ത്രീ മുട്ടിയിട്ടുണ്ട്. അവർ പേസ്റ്റ് എടുക്കാനാണ് വന്നത്. ഇതെല്ലാം ആരോപണങ്ങളാണ്'- കൊല്ലം തുളസി പറഞ്ഞു.