പിറ്റേന്ന് രാവിലെയാണ് അറിഞ്ഞത് പ്രയാഗ മാര്‍ട്ടിനാണെന്ന്; ശ്രീനാഥ് ഭാസി വന്നത് സുഹൃത്ത് വഴി: ഓം പ്രകാശ്
രാസലഹരിക്കേസില്‍ താന്‍ നിരപരാധിയെന്ന് ഓം പ്രകാശ്. നടി പ്രയാഗ മാര്‍ട്ടിനെ അറിയില്ല. ശ്രീനാഥ് ഭാസിയെ അറിയാം. ഇന്നുവരെ മയക്കുമരുന്നിടപാട് നടത്തിയിട്ടില്ലെന്നും സംഭവത്തില്‍ നിരപരാധിയാണെന്നും ഓം പ്രകാശ് പറഞ്ഞു.
ശ്രീനാഥ് ഭാസി കൂട്ടുകാരന്‍ മാത്രമാണ്. തന്റെ റൂമില്‍നിന്ന് കുപ്പികളോ മറ്റോ ഒന്നും കിട്ടിയിട്ടില്ല. ഇതെല്ലാം ഷിഹാസിന്റെ റൂമില്‍നിന്നാണ് കിട്ടിയത്. ജീവിതത്തില്‍ ഇന്നുവരെ ഒരു അനധികൃത ബിസിനസ് നടത്തിയിട്ടില്ല.
മണല്‍ മാഫിയ എന്നതടക്കം തനിക്കെതിരേ ആരോപണങ്ങളുണ്ട്. എല്ലാ ആഴ്ചയും തിരുവനന്തപുരത്ത് പോയി ഒപ്പിടാറുണ്ട്. ഫൈവ് സ്റ്റാര്‍ ഹോട്ടലിനകത്ത് എത്രയോ പേര്‍ പൊതുപരിപാടികള്‍ നടത്താറുണ്ട്. ഞാന്‍ നടത്തുമ്പോള്‍ മാത്രം ഡാന്‍സ് പാര്‍ട്ടി, ഡി.ജെ. പാര്‍ട്ടി എന്നൊക്കെ പറഞ്ഞ് തനിക്കെതിരേ വരുമെന്നും ഓം പ്രകാശ് പറഞ്ഞു.
ഷിഹാസുമായി ബിസിനസ്-സുഹൃദ്ബന്ധമാണുള്ളത്. സുഹൃത്തുക്കളെ കാണാനായി കൊച്ചിയിലെത്തിയപ്പോള്‍ ക്രൗണ്‍ പ്ലാസയില്‍ മുറിയെടുത്തു. അവിടത്തെ സുഹൃത്തുവഴി റേറ്റ് കുറച്ച് റൂം ബുക്കുചെയ്തു. വൈകുന്നേരം കൂട്ടുകാര്‍ വരുന്നതിനാല്‍ ബിവറേജസില്‍ പോയി മദ്യം വാങ്ങിച്ചു. മദ്യക്കുപ്പികളെല്ലാം ശിഹാസിന്റെ റൂമില്‍വെച്ചു.
രാത്രി എല്ലാവരും വന്ന് മദ്യപിച്ചു തിരിച്ചുപോയി. ആരോഗ്യകാരണങ്ങളാല്‍ ഞാന്‍ മദ്യപിച്ചിരുന്നില്ല. എന്റെ റൂമിലാണ് ആദ്യം റെയ്ഡ് നടന്നത്. അവിടെനിന്ന് ഒന്നും കണ്ടെത്തിയില്ല. പിന്നാലെ ഷിഹാസിന്റെ റൂമില്‍നിന്ന് കുപ്പി കണ്ടെടുത്തു. അവിടെ ശുചിമുറിയില്‍വെച്ച് ലഹരി പദാര്‍ഥങ്ങള്‍ വിതരണം ചെയ്യുന്ന തരത്തിലുള്ള ഒരു കവര്‍ കണ്ടെത്തിയെന്നാണ് പോലീസുകാരുടെ സംസാരത്തില്‍നിന്ന് മനസ്സിലാക്കിയത്. ഫാമിലി ഗെറ്റു ടുഗദറായിരുന്നു ഹോട്ടലില്‍ നടന്നതെന്നതിനാല്‍ കൂട്ടുകാരും അവരുടെ കൂട്ടുകാരുമെല്ലാം വന്നിരുന്നെന്നും ഓം പ്രകാശ് പറഞ്ഞു.
പ്രയാഗ മാര്‍ട്ടിനാണോ ആ കുട്ടി എന്നത് എനിക്കറിയില്ല. സിനിമയില്‍ കാണുന്നതുപോലെ രൂപഭംഗിയുള്ള കുട്ടിയല്ല അവള്‍. പ്രയാഗയുമായി സംസാരിച്ചിട്ടുമില്ല. അവിടെക്കൂടിയ സുഹൃത്തിന്റെ സുഹൃത്താണ് ശ്രീനാഥ് ഭാസി. അതുപ്രകാരമാണ് ഭാസി അവിടെയെത്തിയത്. മൂന്നുമണിക്കാണ് ഭാസിയെത്തിയത്. ഉറങ്ങുകയായിരുന്ന താന്‍ എഴുന്നേറ്റ് ഭാസിയെക്കണ്ടു. പിന്നീട് അവര്‍ കൂട്ടുകാര്‍ തമ്മില്‍ സംസാരിക്കുകയാണ് ചെയ്തത്. പ്രയാഗയെ അറിയില്ല. രാവിലെയാണ് ഇത് പ്രയാഗ മാര്‍ട്ടിനാണെന്ന് അറിയുന്നതെന്നും ഓം പ്രകാശ് വ്യക്തമാക്കി.
കേസില്‍ പോലീസ് തന്നെ ഫ്രെയിം ചെയ്തിട്ടില്ല. നിരപരാധിത്വം തെളിയിക്കുമെന്നും ഓം പ്രകാശ് പറഞ്ഞു. അതേസമയം കേസില്‍ ശ്രീനാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവരെ മരട് പോലീസ് ഇന്ന് ചോദ്യം ചെയ്യും. ലഹരിപ്പാര്‍ട്ടി നടക്കുന്നയിടത്ത് ഇരുവരും വന്നതടക്കമുള്ള കാര്യങ്ങള്‍ ചോദിക്കും.