ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നത് നേരത്തെ സംശയിക്കുന്ന കാര്യങ്ങൾ: കെ കെ ശൈലജ
ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെ കെ ശൈലജ എംഎൽഎ. നേരത്തെ സംശയിക്കുന്ന കാര്യങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവന്നത്. സിനിമാ മേഖലയിൽ മാത്രമല്ല ഇത്തരം ചൂഷണങ്ങൾ പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം നേരിടുന്നു. സിനിമ മേഖല ശുദ്ധീകരിക്കാൻ സിനിമയിൽ തന്നെയുള്ളവർ മുൻകയ്യെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സാംസ്‌കാരിക മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അരാജകത്വം ഇല്ലാതാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കും. പരാതി ലഭിച്ചാൽ സർക്കാർ നിയമനടപടി സ്വീകരിക്കും. രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പുറത്ത് വിടാമോ എന്ന് നിയമപരമായി പരിശോധിക്കണം. റിപ്പോർട്ട് പുറത്ത് വിടുന്നത് മനഃപൂർവ്വം വൈകിപ്പിച്ചിട്ടില്ലെന്നും കെ കെ ശൈലജ പറഞ്ഞു.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്. വനിതാ പ്രവർത്തകർ നേരിട്ട കടുത്ത ക്രൂരതകൾ വിശദീകരിക്കുന്ന റിപ്പോർട്ടിൽ സിനിമയിലെ പ്രമുഖരായ താരങ്ങൾക്കെതിരെയും സംവിധായകർക്കെതിരെയും നിർമ്മാതാക്കൾക്കെതിരെയും പരാമർശങ്ങളുണ്ട്. ജുഡീഷ്യൽ അധികാരങ്ങളുള്ള ട്രിബ്യൂണൽ വേണമെന്ന് റിപ്പോർട്ടിൽ ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണൽ അധ്യക്ഷരാക്കണമെന്നും നിർദേശമുണ്ട്.
മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന വിവേചനങ്ങൾ സംബന്ധിച്ച് വിശദമായി പഠിച്ച് തയ്യാറാക്കിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് 2019 ഡിസംബർ 31നായിരുന്നു സർക്കാരിന് കൈമാറിയത്. മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് നൽകിയ റിപ്പോർട്ടിൽ 300 പേജുകളാണുള്ളത്. ഡബ്ല്യുസിസി ഉൾപ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറായിരുന്നില്ല. ഒടുവിൽ വിവരാവകാശ കമ്മീഷന്റെ ഇടപെടലിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തീരുമാനിച്ചത്. ഓ?ഗസ്റ്റ് 19ന് പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമാ ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നത്. കാസ്റ്റിംഗ് കൗച്ച് അടക്കമുള്ള പല കാര്യങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. സിനിമാ മേഖലയിൽ നടക്കുന്നത് മനുഷ്യാവകാശ ലംഘനങ്ങളാണെന്നാണ് റിപ്പോർട്ട് പറഞ്ഞുവെക്കുന്നത്.
2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങൾ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ജസ്റ്റിസ് കെ ഹേമ (റിട്ടയേർഡ്) അധ്യക്ഷയായി മുൻ ബ്യൂറോക്രാറ്റ് കെ ബി വത്സലകുമാരിയും മുതിർന്ന നടി ശാരദയും അംഗങ്ങളായ മൂന്നംഗ കമ്മിറ്റിയാണ് സർക്കാർ രൂപീകരിച്ചത്. ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന അനീതിയും അക്രമവും പരിശോധിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമാണ് കമ്മിറ്റിയെ നിയമിച്ചത്. സിനിമാ വ്യവസായത്തിന്റെ ആഭ്യന്തര പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഇത്തരത്തിലുള്ള ഒരു കമ്മീഷൻ രൂപീകരിക്കുന്നത് ഇന്ത്യയിൽ ആദ്യമായായിരുന്നു.