കാരക്കോണം കോഴക്കേസ് ; ധർമരാജ് റസാലിത്തിനെതിരെ നടപടി വേണം , പ്രതിഷേധവുമായി ഒരു വിഭാഗം വിശ്വാസികൾ
കാരക്കോണം കോഴക്കേസിൽ അടക്കം സിഎസ്ഐ മുൻ ബിഷപ്പ് ധർമ്മരാജ് റസാലം അടക്കമുള്ളവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധം. ദക്ഷിണ മേഖല മഹാ ഇടവകയിലെ ഒരു വിഭാഗമാണ് സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിച്ചത്. എംജി റോഡ് പൂർണമായി ഉപരോധിച്ചായിരുന്നു പ്രതിഷേധം. പുത്തിരിക്കണ്ടത്തേക്ക് നടത്താനിരുന്ന റാലി പൊലീസ് തടഞ്ഞു.
തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നിലുള്ള റോഡ് പ്രതിഷേധകർ പൂർണമായി ഉപരോധിച്ചു. തുടർന്ന് പുളിമൂട് ജംഗ്ഷന്റെ സമീപം പൊലീസ് ബാരിക്കേഡ് കെട്ടി തടയുകയായിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഡിസിപി സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
പ്രതിഷേധത്തിന് കാരണം കാരക്കോണം മെഡിക്കൽ കോളേജ് കോഴയല്ലെന്നും എൽ എം എസ് കോമ്പൗണ്ട് അടച്ചിട്ടിരിക്കുന്നതിനെതിരെയാണെന്നും പ്രതിഷേധകർ പറഞ്ഞു. എൽ എം എസ് കോമ്പൗണ്ടിൽ ബിഷപ്പിനെ ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കുക, ഇഡി, ക്രൈംബ്രാഞ്ച് കേസിലെ പ്രതികളെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് അവസാനിപ്പിക്കുക, സിഎസ്ഐ സഭയിലെ ക്രമവിരുദ്ധ സർക്കാർ ഇടപെടലുകൾ അവസാനിപ്പിക്കുക, ധർമ്മരാജ് റസാലം അടക്കമുള്ളവരെ സംരക്ഷിക്കുന്ന സർക്കാർ നിലപാട് തിരുത്തുക തുടങ്ങിയ വിഷയങ്ങൾ ഉയർത്തിയിരുന്നു പ്രതിഷേധം.