കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം; ഉദ്ഘാടനം മന്ത്രി, മാലയിട്ടത് ജില്ലാ സെക്രട്ടറി
കാപ്പാ കേസ് പ്രതിയെ പാർട്ടിയിലേക്ക് സ്വീകരിച്ച് സിപിഎം. സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തതു മന്ത്രി വീണാ ജോർജ്. മാലയിട്ട് സ്വീകരിച്ചത് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ് സിപിഎമ്മിൽ ചേർന്നത്.
ശരൺ ചന്ദ്രൻ കാപ്പാ കേസിലും ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ്. 60 പേർക്ക് അംഗത്വം നൽകിയ പരിപാടിയിലെ പ്രധാന അംഗമായാണ് ശരൺ ചന്ദ്രൻ എത്തിയത്. സ്ത്രീയെ ആക്രമിച്ച കേസിലടക്കം പ്രതിയായ ശരൺ ചന്ദ്രൻ കഴിഞ്ഞ മാസം 23നാണ് ജയിലിൽ നിന്നിറങ്ങിയത്.
ശരണടക്കം 60 ഓളം പേരെ കുമ്പഴ ഭാഗത്തുള്ള ഓഡിറ്റോറിയത്തിൽ വച്ച് ഇന്ന് പാർട്ടിയിലേക്ക് സ്വീകരിക്കുകയായിരുന്നു. കാപ്പാ കേസ് ചുമത്തിയ ശരൺ ചന്ദ്രൻ തുടർന്നും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ നാടുകടത്തിയിരുന്നില്ല. ആ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ഇയാൾ, വീണ്ടും ക്രിമിനൽ കേസിൽ ഉൾപ്പെട്ടതോടെ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. പിന്നീട് ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.