വടകരയിലെ 'കാഫിർ' സ്‌ക്രീൻഷോട്ട് വിവാദം; അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം
വടകരയിലെ കാഫിർ സ്‌ക്രീൻ ഷോട്ട് വിവാദത്തിൽ അധ്യാപകനായ റിബേഷ് രാമകൃഷ്ണനെതിരെ വകുപ്പ് തല അന്വേഷണം. തോടന്നൂർ എഇഒയെ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചുമതലപ്പെടുത്തി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വി പി ദുൽഖിഫിലിന്റെ പരാതിയിലാണ് നടപടി. ഷാഫി പറമ്പിലിനെതിരായ സ്‌ക്രീൻഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നു. പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം ഉണ്ടായിരുന്നത്. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണൻ.
അധ്യാപകനായ റിബേഷ് സർവീസ് ചട്ടം ലംഘിച്ചു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകിയത്. വർഗീയ പ്രചരണം നടത്തിയ അധ്യാപകനെതിരെ നടപടിയെടുക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി പി ദുൽഖിഫ് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കാഫിർ പരാമർശമടങ്ങിയ സ്‌ക്രീൻ ഷോട്ട് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ആദ്യമായി പോസ്റ്റ് ചെയ്തത് ഡിവൈഎഫ് ഐ വടകര ബ്ലോക്ക് പ്രസിഡൻറ് റിബേഷാണെന്ന ആരോപണവുമായി കേസിൽ പ്രതി ചേർക്കപ്പെട്ട എം എസ് എഫ് നേതാവ് മുഹമ്മദ് കാസിം രംഗത്തെത്തിയിരുന്നു. ആറങ്ങോട്ട് എം എൽ പി സ്‌കൂൾ അധ്യാപകനായ റിബേഷുൾപ്പെടെയുള്ളവരെ സംരക്ഷിക്കാനാണ് പൊലീസിൻറെ ശ്രമമെന്നും കാസിം ആരോപിച്ചിരുന്നു.
പൊലീസ് ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ റെഡ് എൻ കൗണ്ടേഴ്‌സ് എന്ന വാട്‌സാപ് ഗ്രൂപ്പിൽ നിന്നാണ് മറ്റു ഗ്രൂപ്പുകളിലേക്ക് കാഫിർ പരാമർശമടങ്ങിയ സ്‌ക്രീന് ഷോട്ട് എത്തിയതെന്ന് വ്യക്തമാക്കിയിരുന്നു. റിബേഷ് രാമകൃഷ്ണൻ എന്നയാളാണ് ഇത് പോസ്റ്റ് ചെയ്തത്.