ദേവനെ കൈകൂപ്പാൻ മടിയുള്ളവരെ ക്ഷേത്രങ്ങളിലേക്ക് അയക്കരുത്; എം.വി ഗോവിന്ദന് മറുപടിയുമായി സുരേന്ദ്രൻ
വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമർശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് വിശ്വാസികളാണെന്ന ബോധം എംവി ഗോവിന്ദന് തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും വന്നത് എന്തായാലും നന്നായി എന്നും, എന്നാൽ ക്ഷേത്രങ്ങൾ ഭരിക്കാൻ നിങ്ങൾ അയക്കുന്ന ദേവസ്വം മന്ത്രിയേയും ചെയർമാനെയും മെമ്പർമാരെയും ജീവനക്കാരെയുമെല്ലാം വിശ്വാസികളാക്കുകയാണ് ആദ്യം വേണ്ടതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
കെ. സുരേന്ദ്രന്റെ കുറിപ്പ്
ക്ഷേത്രങ്ങൾ പരിപാലിക്കേണ്ടത് വിശ്വാസികളാണെന്ന ബോധം എംവി ഗോവിന്ദന് തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും വന്നത് എന്തായാലും നന്നായി. എന്നാൽ ക്ഷേത്രങ്ങൾ ഭരിക്കാൻ നിങ്ങൾ അയക്കുന്ന ദേവസ്വം മന്ത്രിയേയും ചെയർമാനെയും മെമ്പർമാരെയും ജീവനക്കാരെയുമെല്ലാം വിശ്വാസികളാക്കുകയാണ് ആദ്യം വേണ്ടത്.
ശ്രീകോവിലിൽ നടതുറക്കുമ്പോൾ പിന്തിരിഞ്ഞു നിൽക്കുന്നവരെയും തീർത്ഥം വാങ്ങാൻ അറപ്പുള്ളവരെയും ദേവനെ കൈക്കൂപ്പാൻ മടിയുള്ളവരെയുമൊന്നും ക്ഷേത്രങ്ങളിലേക്ക് അയക്കരുത്. ഇനിയും ഹിന്ദുക്കളുടെ ക്ഷമ പരീക്ഷിക്കരുത്. ഇന്നലെ മാവൂരിൽ കർഷക തൊഴിലാളി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ഗോവിന്ദന്റെ പരാമർശം. വിശ്വാസികളോടും അവിശ്വാസികളോടും ഒപ്പം നിൽക്കുന്ന നിലപാടാണ് സിപിഎമ്മിന്. വിശ്വാസികൾ വർഗീയവാദികളല്ല. വർഗീയവാദി വിശ്വാസിയുമല്ല എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.