Begin typing your search...

'മുഖ്യമന്ത്രി ഇപ്പോൾ വായ തുറക്കുന്നത് കള്ളം പറയാൻ'; ബിനോയ് വിശ്വം കാശിക്ക് പോകുന്നതാണ് നല്ലതെന്ന് സുധാകരൻ

മുഖ്യമന്ത്രി ഇപ്പോൾ വായ തുറക്കുന്നത് കള്ളം പറയാൻ; ബിനോയ് വിശ്വം കാശിക്ക് പോകുന്നതാണ് നല്ലതെന്ന് സുധാകരൻ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

ഇപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ വായ തുറക്കുന്നത് കള്ളം പറയാൻ മാത്രമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ എം പി. മഹാരഥന്മാരായ മുഖ്യമന്ത്രിമാർ ഇരുന്ന കസേരയിലാണ് താൻ ഇരിക്കുന്നതെന്നും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെയാണ് അഭിസംബോധന ചെയ്യുന്നതെന്നും പിണറായി വിജയൻ മറക്കുകയാണ്. വിവാദമായ പിആർ ഏജൻസി, തൃശൂർ പൂരം, എഡിജിപി തുടങ്ങിയ വിഷയങ്ങളിലെല്ലാം മുഖ്യമന്ത്രി പച്ചക്കള്ളങ്ങളാണ് പത്രസമ്മേളനത്തിൽ തട്ടിവിട്ടതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ബിജെപിയുടെ അജണ്ട നടപ്പാക്കുന്ന വിഷയങ്ങളാണിവയെല്ലാം. അഭിമുഖത്തിലെ വിവാദ പരാമർശം പി ആർ ഏജൻസികൾ എഴുതി നല്കിയതാണെന്ന് ദി ഹിന്ദു പത്രം വിശദീകരിക്കുകയും ഏജൻസികൾ നിർദേശിച്ച പ്രകാരം അഭിമുഖം തയാറാക്കുകയും ചെയ്തിട്ട് അത് അപ്പാടെ നിഷേധിക്കുകയാണ്. പി ആർ ഏജൻസി അവിടെ ഇല്ലായിരുന്നു എന്ന പച്ചക്കള്ളവും മുഖ്യമന്ത്രി ആവർത്തിക്കുന്നുവെന്നും സുധാകരൻ കുറ്റപ്പെടുത്തി.

എ ഡി ജി പിയുടെ വീഴ്ചകൾ അക്കമിട്ടു നിരത്തി ഡി ജി പി നല്കിയ റിപ്പോർട്ട് ഒക്കത്തുവച്ചുകൊണ്ടാണ് മറ്റൊരു റിപ്പോർട്ട് നല്കാൻ വീണ്ടും ഡിജിപിയെ ചുമതലപ്പെടുത്തിയത്. അതിന് പുറമെ പൂരം കലക്കൽ അട്ടിമറിയിലെ ഗൂഡാലോചനയിൽ ക്രൈം ബ്രാഞ്ച് എ ഡി ജി പിയും രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തുമെന്നാണ് പറയുന്നത്. ഇതെല്ലാം വെറും പ്രഹസനമാണ്. സി പി ഐ തലകുത്തി നിന്നാൽപോലും എ ഡി ജി പിയെ ഒരു ചുക്കും ചെയ്യില്ലെന്ന് പിണറായി വിജയൻ ആവർത്തിക്കുകയും ചെയ്തു. സി പി ഐ സെക്രട്ടറി ബിനോയ് വിശ്വം കാശിക്കുപോകുന്നതാണ് നല്ലതെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.

ബി ജെ പിയുമായുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ നിലപാടും. അവരുടെ അജണ്ടകളാണ് കേരളത്തിലേക്കു മുഖ്യമന്ത്രി കൊണ്ടുവരുന്നത്. ബി ജെ പിയുടെ പി ആർ ഏജൻസിയെ തന്നെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് നിയോഗിച്ചത് ഇതേ ഉദ്ദേശ്യത്തോടു കൂടിയാണ്. ദേശീയ മാധ്യമങ്ങളിൽ മുഖ്യമന്ത്രിയുടെ അഭിമുഖവും പ്രസ്താവനകളും തുടർച്ചയായി നല്കാൻ ഇതേ ഏജൻസിയെയാണ് നിയോഗിച്ചത്. മതേതര കേരളത്തിന്റെ കടയക്കൽ കത്തിവച്ചുള്ള മുഖ്യമന്ത്രിയുടെ രാഷ്ട്രീയപ്രവർത്തനം നിയന്ത്രിക്കാൻ സിപിഎം കേന്ദ്രനേതൃത്വം ഇടപെടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

WEB DESK
Next Story
Share it