മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ കഴിയില്ല: ജസ്റ്റിസ് മണികുമാര്‍
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് മണികുമാർ. വ്യക്തിപരമായ അസൗകര്യങ്ങളാൽ പദവി ഏറ്റെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. മണികുമാറിന്റെ നിയമനത്തിന് ഗവർണർ അംഗീകാരം നൽകിയതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. രാജ്ഭവനും ഹൈക്കോടതി ചീഫ് ജസ്റ്റിസിനുമാണ് ഇതുസംബന്ധിച്ച സന്ദേശം കൈമാറിയത്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിട്ടുള്ള മണികുമാറിന്റെ നിയമനത്തിന് കഴിഞ്ഞ ദിവസമാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകിയത്.
കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസാണ് തമിഴ്നാട് സ്വദേശിയായ ജസ്റ്റിസ് എസ് മണികുമാർ. കഴിഞ്ഞവർഷം ഏപ്രിൽ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാർ വിരമിച്ചത്. ജസ്റ്റിസ് മണികുമാറിന് സംസ്ഥാന സർക്കാർ കോവളത്തെ സ്വകാര്യ ഹോട്ടലിൽ യാത്രയയപ്പ് നൽകിയത് വിവാദമായിരുന്നു. ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള സംസ്ഥാന സർക്കാർ നിർദേശത്തെ, നിയമനം നടത്തുന്ന പാനലിൽ അംഗമായ പ്രതിപക്ഷ നേതാവ് വിഡി സതീശൻ എതിർത്തിരുന്നു. പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പും നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും ഭൂരിപക്ഷ തീരുമാനപ്രകാരം മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി നിയമിക്കാൻ സമിതി ശുപാർശ നൽകുകയായിരുന്നു.
ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തിൽ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വിയേജനക്കുറിപ്പിൽ പറഞ്ഞത്. മണികുമാറിന്റെ നിയമനത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല അടക്കം പരാതി നൽകിയതിനെ തുടർന്ന് നിയമനശുപാർശ അടുത്തകാലം വരെ ഗവർണർ തടഞ്ഞുവെക്കുകയായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന കാലയളവിൽ സംസ്ഥാന സർക്കാരിന് അനുകൂലമായ തരത്തിലുള്ള നിലപാടാണ് ജസ്റ്റിസ് മണികുമാർ സ്വീകരിച്ചിരുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നത്.