പൂരം കലക്കലിൽ മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു, സത്യം പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണം; കെ. മുരളീധരൻ
തൃശൂർ പൂരം കലക്കലിൽ മുഖ്യമന്ത്രി തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. പൂരം കലങ്ങി എന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതാണ്. സഭയിൽ പറഞ്ഞതിന് ഘടകവിരുദ്ധമായി പുറത്ത് പറഞ്ഞാൽ അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. സത്യം പുറത്തുവരാൻ ജുഡീഷ്യൽ അന്വേഷണം വേണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ പ്രത്യക്ഷ സമരത്തിലേക്ക് കോൺഗ്രസ് കടക്കുമെന്നും മുരളീധരൻ പറഞ്ഞു.
36 മണിക്കൂർ നീണ്ട് നിൽക്കുന്ന ചടങ്ങിൽ ഭംഗം ഉണ്ടായി. മൂന്ന് മണി മുതൽ ഏഴ് മണിവരെ പൂരം നിർത്തിവെച്ചത് പോലെയാണ്. വെടിക്കെട്ട് മാത്രം അൽപം താമസിച്ചു എന്ന് മുഖ്യമന്ത്രി എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത്. സത്യം പുറത്ത് വരണം. ജുഡീഷ്യൽ അന്വേഷണം വേണം. മുഖ്യമന്ത്രി എന്തിനാണ് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടില്ല എന്ന് കാണുമ്പോൾ ഭൂരിപക്ഷത്തേക്ക് മാറുകയാണോ മുഖ്യമന്ത്രി. ഇവിടെയൊക്കെ ഒരു ഡീൽ ഉണ്ട്. സിപിഎം-ബിജെപി ഡീൽ. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ എഫ്‌ഐആർ അപ്രത്യക്ഷമാകും. എഫ്‌ഐആർ ഇട്ടാൽ മാത്രം പൊലീസിന് എത്രമാത്രം മുന്നോട്ട് പോകാൻ പറ്റുമെന്നും മുരളീധരൻ ചോദിച്ചു. 2026 നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
2029ൽ പാർലമെന്റിലേക്ക് മത്സരിക്കും. തോൽവി മുന്നിൽ കാണുന്ന തെരഞ്ഞെടുപ്പ് ആണെങ്കിൽ പാർട്ടി എന്നെ തീർച്ചയായും മത്സരിപ്പിക്കും. രാഹുൽ ഷാഫി പറമ്പിലിന്റെ നോമിനിയെന്ന സുധാകരന്റെ പ്രസ്താവന തള്ളാതെ നോമിനി രാഷ്ട്രീയം ഗുണം ചെയ്യില്ലെന്നും പറഞ്ഞു. കോൺഗ്രസിൽ ഷഷ്ടിപൂർത്തി കഴിഞ്ഞ ഒരു ചെറുപ്പക്കാരൻ തന്നെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി വരുമെന്ന് മുരളീധരൻ പരിഹസിച്ചു. 2029 ൽ പാർലമെൻറിലേക്ക് ഏത് മണ്ഡലത്തിൽ മത്സരിക്കുമെന്ന് പറയുന്നില്ല. ഒരുപാട് വെള്ളം ഒഴുകിപ്പോകാനുണ്ട്. നമുക്ക് നോക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.