നിപുൺ ചെറിയാന് തടവ് ശിക്ഷ; നടപടി കോടതിയലക്ഷ്യ കേസിൽ
'വി ഫോർ കൊച്ചി' നേതാവ് നിപുൻ ചെറിയാന് നാല് മാസത്തെ തടവ് ശിക്ഷയും 2000 രൂപ പിഴയും വിധിച്ച് ഹൈക്കോടതി. കോടതിയലക്ഷ്യ കേസിലാണ് കോടതി വിധി. വിധി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന നിപുൺ ചെറിയാന്റെ ആവശ്യം കോടതി തള്ളി. ജുഡീഷ്യറിയിലുള്ള ജനങ്ങളുടെ വിശ്വാസം നിപുൻ നഷ്ടമാക്കിയെന്നും ശിക്ഷ മരവിപ്പിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി . വിദ്യാഭ്യാസമുള്ളവർ കോടതിയലക്ഷ്യം നടത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കെ അപ്പീലുമായി സുപ്രീം കോടതിയിൽ പൊക്കോളുവെന്ന് കോടതി നിർദ്ദേശിച്ചു.
പൊക്കാളി കൃഷി സംബന്ധിച്ച് ജസ്റ്റിസ് എൻ. നഗരേഷിനെതിരെ ഉന്നയിച്ച അഴിമതി ആരോപണത്തിന്റെ പേരിലാണ് നിപുണ്‍ ചെറിയാനെതിരെ കോടതിയലക്ഷ്യ കേസെടുത്തത്. 2022 നവംബറിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്ത് നിപുൺ ചെറിയാനോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. എന്നാൽ പല തവണ ഈ ആവശ്യം നിരസിച്ചതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. ഇതോടെ കോടതിയിൽ ഹാജരായ നിപുൺ കോടതിയലക്ഷ്യ നടപടിയൊന്നും ചെയ്തില്ലെന്ന് സ്വയം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കോടതിയലക്ഷ്യ കുറ്റം നിപുൺ ചെയ്തെന്ന് വിലയിരുത്തിയാണ് ഡിവിഷൻ ബഞ്ച് പ്രതിയെ ശിക്ഷിച്ചത്