'നെഗറ്റീവ് എനർജി' പുറന്തള്ളാൻ സർക്കാർ ഓഫീസിൽ പ്രാർഥന; അന്വേഷണത്തിന് ഉത്തരവ്
തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ 'നെഗറ്റീവ് എനർജി' പുറന്തള്ളാൻ പ്രാർഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ്. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് ആഴ്ചകൾക്കു മുൻപ് പ്രാർഥന നടത്തിയത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും ഇതിൽ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്.
ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർവ്യവസ്ഥയിൽ ജോലിചെയ്യുന്നതിനാൽ നിർദേശം ധിക്കരിക്കാനും ആർക്കും ധൈര്യം വന്നില്ല. ഇഷ്ടക്കേടോടെയാണ് പലരും പ്രാർഥനയിൽ പങ്കെടുത്തത്. പെട്ടെന്നു വന്ന അറിയിപ്പായതിനാൽ ഓഫീസർ പറയുന്നത് അനുസരിക്കാനേ ജീവനക്കാർക്കു കഴിഞ്ഞുള്ളൂ. ഓഫീസിൽ നെഗറ്റീവ് എനർജി നിറഞ്ഞുനിൽക്കുന്നുവെന്ന പരാതി ചുമതലയേറ്റതിനുശേഷം ഓഫീസർ പതിവായി പറയാറുണ്ട്. ഓഫീസിൽ പല പ്രശ്നങ്ങളുമുണ്ടാകുന്നത് നെഗറ്റീവ് എനർജി കൊണ്ടാണെന്നാണ് അവർ പറഞ്ഞുകൊണ്ടിരിക്കുന്നത്.