ഡ്രൈ ഡേയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എക്സൈസ് പരിശോധന; അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു
കഴിഞ്ഞ ദിവസത്തെ ഡ്രൈ ഡേയിൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ എക്സൈസ് നടന്ന പരിശോധനകളിൽ അനധികൃത വിൽപ്പനയ്ക്കായി സൂക്ഷിച്ച മദ്യവും ചാരായവും പിടിച്ചെടുത്തു. മാവേലിക്കര താമരക്കുളത്ത് 10.6 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തിയതിന് താമരക്കുളം സ്വദേശി മനോഹരൻ (59) എന്നയാളെ അറസ്റ്റു ചെയ്തു. നൂറനാട് എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബി.സുനിൽ കുമാറും സംഘവുമാണ് മദ്യ ശേഖരം കണ്ടെടുത്തത്.
പാലക്കാട് കണ്ണാടി വില്ലേജിൽ അനധികൃത വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 59 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യമാണ് എക്സൈസ് പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് പാലക്കാട് കണ്ണാടി സ്വദേശി രാജനെ (58) അറസ്റ്റ് ചെയ്തു. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ വി.റോബർട്ടിന്റെ പ്രത്യേക നിർദ്ദേശ പ്രകാരം പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്റീവ് ഓഫീസർ ബി.ശ്രീജിത്തും സംഘവും ഒപ്പം എക്സൈസ് കമ്മീഷണർ മദ്ധ്യ മേഖല സ്ക്വാഡ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അനധികൃത മദ്യ ശേഖരം കണ്ടെടുത്തത്.
തിരുവനന്തപുരം തെറ്റിവിളയിലും 15 ലിറ്റർ ചാരായവുമായി മനോഹരൻ എന്നയാൾ പിടിയിലായി.തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.