തിരുവനന്തപുരത്ത് ശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേർത്തു; ജനറൽ ആശുപത്രിയ്ക്കെതിരെ പരാതി, കയ്യുറയല്ലെന്ന് അധികൃതർ
തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ തുന്നിച്ചേർത്തതായി പരാതി. നെടുമങ്ങാട് സ്വദേശി ഷിനുവിനാണ് ദുരനുഭവം ഉണ്ടായത്. ശനിയാഴ്ചയാണ് ഷിനുവിന് മുതുകിൽ ശസ്ത്രക്രിയ നടന്നത്. പിന്നീട് കടുത്ത വേദനയും ബുദ്ധിമുട്ടും അനുഭവപ്പെട്ടു.തുടർന്ന് ഇന്നലെ സ്റ്റിച്ച് പരിശോധിച്ചപ്പോഴാണ് കയ്യുറയുടെ ഭാഗങ്ങൾ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറയുന്നു.
മുതുകിൽ ഏഴ് സ്റ്റിച്ച് ഉണ്ടെന്ന് ഷിനുവിന്റെ ഭാര്യ പറഞ്ഞു. ഈ സ്റ്റിച്ചിനൊപ്പം തുന്നിച്ചേർത്ത നിലയിലാണ് കയ്യുറ കണ്ടെിയതെന്ന് ഭാര്യ വ്യക്തമാക്കി.
എന്നാൽ ഇത് പിഴവല്ലെന്നും പഴുപ്പും രക്തവും കളയാനുള്ള ഗ്ലൗ ഡ്രെയ്ൻ സിസ്റ്റം ആണെന്നും ആശുപത്രി അധികൃതർ പറയുന്നു. അത് ഇളക്കി കളയണം എന്ന് രോഗിയോട് നിർദേശിച്ചിരുന്നതായും ആശുപത്രി അധികൃതർ വ്യക്തമാക്കി. സംഭവം പരാതിയായതോടെ ഇവരോട് ആശുപത്രിയിലേക്ക് വരാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.