സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവർണർ
സംസ്ഥാന ശിശുക്ഷേമ സമിതി രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ശിശുക്ഷേമ സമിതിയിൽ നടക്കുന്ന അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിഷേധിച്ച് സ്ഥാനം ഒഴിയുന്നതായി രാജ്ഭവൻ രേഖാമൂലം സർക്കാരിനെ അറിയിച്ചു.
ശിശുക്ഷേമ സമിതിയിലെ അഴിമതികളും കെടുകാര്യസ്ഥതയും സംബന്ധിച്ച് രാജ്ഭവന് നേരത്തെ നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഗവർണർ അന്വേഷണം നടത്തി ഈ പരാതികളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ഇതിൻമേൽ നടപടി സ്വീകരിക്കണമെന്ന് സർക്കാരിനോട് പല തവണ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ഗവർണർ സ്ഥാനം ഒഴിഞ്ഞത്.
സ്ഥാനം ഒഴിയുന്നതായി കാട്ടി ഗവർണർ ഏതാനംദിവസം മുമ്പുതന്നെ സർക്കാരിന് രേഖാമൂലം കത്തുനൽകിയിരുന്നു. എന്നാൽ ഗവർണർ കത്തുനൽകിയിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ഉണ്ടായിട്ടില്ല. ഇക്കാര്യത്തിൽ ഔദ്യോഗികമായ വിശദീകരണം രാജ്ഭവൻ നൽകിയിട്ടില്ല.