60 ലക്ഷത്തോളം പേർക്ക് ക്ഷേമപെൻഷൻ ഈ മാസം; അനുവദിച്ചത് 1762 കോടി; മുഖ്യമന്ത്രി പിണറായി വിജയൻ
ഓണത്തിന് മുന്നോടിയായി ക്ഷേമ പെൻഷൻ വിതരണം തുടങ്ങുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 60 ലക്ഷം ഗുണഭോക്താക്കൾക്കാണ് ക്ഷേമ പെൻഷൻ വിതരണം ചെയ്യുക. ഇതിനായി 1,762 കോടി രൂപയാണു സർക്കാർ അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഓണസമ്മാനമായി രണ്ടു മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളാണ് വിതരണം ചെയ്യുക. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും ക്ഷേമനിധി ൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് സർക്കാർ അനുവദിച്ചത്. ഈ മാസം രണ്ടാമത്തെ ആഴ്ച മുതൽ വിതരണം തുടങ്ങി, 23ഓടെ പൂർത്തിയാക്കും.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്
എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു ലോകസങ്കൽപ്പമാണ് ഓണം മുന്നോട്ടുവെക്കുന്നത്. ഈ ഓണക്കാലം സമൃദ്ധമാക്കാൻ 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണ്. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകൾ 1,762 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 1,550 കോടി രൂപയും സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന ക്ഷേമനിധി ബോർഡുകൾക്ക് പെൻഷൻ വിതരണത്തിന് 212 കോടി രൂപയുമാണ് അനുവദിച്ചത്. ഈ മാസം രണ്ടാം വാരം ആരംഭിച്ചു 23 വരെയാണ് വിതരണം. പെൻഷൻ ഗുണഭോക്താക്കളിൽ പകുതിയോളം പേർക്ക് ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക എത്തും. ബാക്കിയുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴിയാണ് പെൻഷനെത്തുക.
കേന്ദ്രത്തിൽ നിന്ന് ന്യായമായും ലഭിക്കേണ്ട പല പദ്ധതി, നികുതി വിഹിതങ്ങളും പിടിച്ചുവെക്കപ്പെട്ടതുകൊണ്ട് കേരളം വലിയ സാമ്പത്തിക ഞെരുക്കം നേരിടുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും അവശ ജനവിഭാഗത്തിന്റെ ക്ഷേമമുറപ്പാക്കാനുള്ള നിരവധി നടപടികളാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചു വരുന്നത്. മുടക്കമില്ലാതെ തുടർന്നുവരുന്ന ക്ഷേമപെൻഷൻ വിതരണം ഈ ജനകീയ വികസന കാഴ്ചപ്പാടിന്റെ തുടർച്ചയാണ്. എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന കൂടുതൽ സുന്ദരമായ കേരളത്തെ കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പുകളാണ് ഈ വികസന നടപടികൾ.