Begin typing your search...

കോട്ടയത്തെ ആകാശപ്പാത നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയില്ല; ഗണേഷ് കുമാർ നിയമസഭയിൽ

കോട്ടയത്തെ ആകാശപ്പാത നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയില്ല; ഗണേഷ് കുമാർ നിയമസഭയിൽ
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കോട്ടയത്തെ ആകാശപ്പാത നിർമാണവുമായി മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ഗതാഗത മന്ത്രി ഗണേഷ് കുമാർ നിയമസഭയിൽ. സർക്കാരിന്റെ പൊതുമുതൽ ഇത്തരം കാര്യങ്ങൾക്ക് ദുർവ്യയം ചെയ്യാൻ പാടില്ലെന്നാണ് തന്റെ അഭിപ്രായമെന്നും മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ചു കോടി രൂപ നിശ്ചയിച്ച പദ്ധതിക്ക് ഇപ്പോൾ 17.82 കോടിയിലേറെ രൂപ വേണ്ടിവരും. സ്ഥലം ഏറ്റെടുക്കേണ്ടി വന്നാൽ അതിലും കൂടുതൽ പണം വേണ്ടിവരും. ഇത്രയും പണം മുടക്കി ആകാശപ്പാത നിർമിച്ചാൽ ഭാവിയിൽ കോട്ടയത്തിന്റെ തുടർവികസനവുമായി ബന്ധപ്പെട്ട് അതു പൊളിച്ചുനീക്കേണ്ട അവസ്ഥയും ഉണ്ടാകും.

ഈ സാഹചര്യത്തിൽ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ട് ഉപയോഗിച്ച് നിർമാണവുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ആകാശപ്പാതയുടെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ആവശ്യത്തോടു പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവഞ്ചൂർ വനംമന്ത്രിയായിരുന്നപ്പോൾ താൻ സമർപ്പിച്ച ഒരു പദ്ധതി നിഷ്‌കരുണം തള്ളിയിരുന്നു. അതിനു പകരമായാണ് ഇതു ചെയ്യുന്നതെന്നു കരുതരുതെന്നും ഗണേഷ്‌കുമാർ പറഞ്ഞു.

ഇത്തരം നിർമാണങ്ങൾ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് നൽകണമെന്ന നിയമം ലംഘിച്ചാണ് അന്നത്തെ മന്ത്രിയുടെ നിർദേശപ്രകാരം കിറ്റ്കോയ്ക്ക് കരാർ നൽകിയത്. ഈ രൂപത്തിൽ കോട്ടയം നഗരത്തിൽ എന്താണ് നിൽക്കുന്നതെന്ന് താനും വിചാരിച്ചെന്നു മന്ത്രി പറഞ്ഞു. എറണാകുളത്ത് ബിനാലെയ്ക്ക് വന്ന ഏതോ കലാകാരൻ സ്ഥലത്തെ എംഎൽഎയോടുള്ള ബന്ധം കൊണ്ട് ഉണ്ടാക്കിയ ശിൽപമാണെന്നാണ് കരുതിയത്. മന്ത്രിയായി ചുമതലയേറ്റ ശേഷമാണ് അതൊരു സ്‌കൈവാക്കാണെന്നു മനസിലാക്കിയത്. ഇതു പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരാൾ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിക്ക് സ്വകാര്യസ്ഥലം ഏറ്റെടുക്കേണ്ടിവരില്ലെന്നാണ് അന്നത്തെ കലക്ടർ റിപ്പോർട്ട് നൽകിയത്. സൗജന്യമായി ഭൂമി വിട്ടു നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ, ഇപ്പോൾ അവർ വിസമ്മതിക്കുന്നതിനാൽ കോടിക്കണക്കിനു രൂപ സ്ഥലം ഏറ്റെടുക്കാൻ വേണ്ടിവരും. പണം കൊടുത്ത് സ്ഥലം ഏറ്റെടുക്കാൻ റോഡ് സേഫ്റ്റി അതോറിറ്റിക്ക് അധികാരമില്ല.

നിർദിഷ്ട സ്‌കൈവാക്ക് ഘടനയിൽ മതിയായ തൃപ്തിയില്ലെന്നാണ് പാലക്കാട് ഐഐടി റിപ്പോർട്ട് നൽകിയത്. അപര്യാപ്തമായ സ്ട്രക്ചർ ശക്തിപ്പെടുത്താൻ സാധ്യത പരിശോധിക്കണമെന്നും ഫൗണ്ടേഷൻ അപര്യാപ്തമാണെന്നും അവർ അറിയിച്ചു. ഇതു കോടതിയെ അറിയിച്ചിട്ടുണ്ട്. 6 ലിഫ്റ്റും മൂന്നു സ്റ്റെയർകെയ്സും വേണമെന്ന് നാറ്റ്പാക്ക് പറയുന്നു. ഇതുൾപ്പെടെ തയാറാക്കിയ പുതിയ എസ്റ്റിമേറ്റ് പ്രകാരം 17.85 കോടി രൂപ വേണ്ടിവരും.

അതിനിടെ കിറ്റ്കോയിൽ നടന്ന ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം നടന്നു. ഇതിന്റെ എൻജിനീയറിങ്ങിൽ ചില പിഴവുകൾ പറ്റിയെന്നും ആ തുക ഉദ്യോഗസ്ഥരിൽനിന്നു പിടിച്ചെടുക്കണമെന്നും വിജിലൻസ് വ്യക്തമാക്കുന്നു.

പദ്ധതിയുടെ തുടർപരിപാലനം, സ്ഥലമേറ്റെടുക്കൽ എന്നിവ ഉൾപ്പെടെ കലക്ടർക്ക് ഒരു ചോദ്യാവലി നൽകി. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാൻ കഴിയില്ലെന്ന് കലക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കാതെ നിർമാണം നടത്തിയാൽ കോട്ടയത്തിന്റെ തുടർവികസനത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റേണ്ടിവരും. 17 കോടി മുടക്കി നിർമിക്കാമെന്നു വിചാരിച്ചാലും പിന്നീടു പൊളിക്കേണ്ടിവരുമെന്നും ഗണേഷ് കുമാർ പറഞ്ഞു. കോട്ടയത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നാറ്റ്പാക്ക് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആകാശപ്പാത നിർമിക്കാൻ തീരുമാനിച്ചതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

WEB DESK
Next Story
Share it